റമദാന്റെ വരവറിയിച്ചുള്ള ശഅബാൻ മാസപ്പിറവി ഈ മാസം 31-ന് ഉണ്ടാകുമെന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലെ വാന നിരീക്ഷകരും മതകാര്യമന്ത്രാലയങ്ങളും അറിയിച്ചു. ഫെബ്രുവരി 28-നോ മാർച്ച് ഒന്നിനോ റമദാൻ വ്രതം ആരംഭിക്കും. മാർച്ച് അവസാനമായിരിക്കും ചെറിയപെരുന്നാൾ എന്നാണ് ഇവരുടെ വിലയിരുത്തൽ.
റമദാൻ വ്രതാരംഭത്തെ കുറിച്ചും ഈദുൽ ഫിത്തറിനെ കുറിച്ചുമുള്ള പ്രാഥമിക വിലയിരുത്തലുകളാണ് മതകാര്യമന്ത്രലായങ്ങളും വാന നിരീക്ഷണ കേന്ദ്രങ്ങളും പുറത്തുവിട്ടത്.. ഇസ്ലാമിക കലണ്ടർ ആയ ഹിജിരി പ്രകാരമുള്ള ഒമ്പതാമത് മാസമാണ് റംസാൻ. ഇതിന് തൊട്ടുമുമ്പുള്ള ശഅബാൻ മാസം ജനുവരി 31-ന് വെള്ളിയാഴ്ച തുടങ്ങുമെന്ന് ഒമാനിലെ എൻഡോവ്മെന്റ് മതകാര്യമന്ത്രാലയം അറിയിച്ചു. റജബ് 30 പൂർത്തിയാക്കിയാകും ശഅബാൻ മാസം പിറക്കുകെയന്ന് മന്ത്രാലയം അറിയിച്ചു. ശാസ്ത്രീയ തെളിവുകൾക്ക് വിരുദ്ധമായ റിപ്പോർട്ടുകൾ കമ്മിറ്റി അംഗീകരിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. യുഎഇ അസ്ട്രോണമി സെൻ്ററിൻ്റെ വിലയിരുത്തലും ഇതുതന്നെയാണ്.
ജനുവരി 31-ന് വെള്ളിയാഴ്ച ശഅബാൻ പിറക്കുമെന്ന് സെൻ്ററിലെ ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒദേഹ് അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലും ദക്ഷണിയൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലും ഫെബ്രുവരി അവസാനമോ മാർച്ച് 1-നോ ആയിരിക്കും വ്രതാരംഭമെന്നാണ് കേന്ദ്രത്തിന്റെ നിഗമനം. അഫ്ഗാനിസ്താൻ, പാകിസ്താൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഒരു ദിവസം നേരത്തെ വ്രതാരംഭത്തിന് സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. റമദാനിലെ സർക്കാർ -സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തി സമയം അടക്കമുള്ള വിവരങ്ങൾ അടുത്തമാസമാകും സർക്കാരുകൾ പ്രഖ്യാപിക്കുക.