യാത്രകൾ പോകാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല.. യാത്രകൾ നമ്മെ കൊണ്ടുചെന്നെ എത്തിക്കുന്നത് പുതിയൊരു അനുഭൂതിയിൽ തന്നെയാണ് അത്തരത്തിൽ അഗസ്ത്യകൂടത്തിലേക്ക് യാത്ര പോകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് എന്തൊക്കെയാണെന്ന് നോക്കാം
അത്യന്തം ദുർഘടമല്ലെങ്കിലും അൽപം കടുത്ത ട്രെക്കാണ്. മികച്ച കായികക്ഷമത വളരെ പ്രധാനമാണ്. അതിനാൽ ട്രെക്ക് പ്ളാൻ ചെയ്താൽ കുറഞ്ഞത് ഒരു മാസക്കാലം നന്നായി നടന്ന് കായികക്ഷമത കൈവരിക്കുക. അഞ്ച് കിലോമീറ്ററോളം ആഴ്ച്ചയിൽ അഞ്ച് ദിവസം എന്ന രീതിയിൽ ഒരു മാസത്തെ പരിശീലനം മതിയാകും.. യാത്രയിലുടനീളം ചെറിയ അരുവികളും തോടുകളുമുണ്ട്. അതിൽ നിന്ന് വെള്ളമെടുക്കാൻ ഒരു ബോട്ടിൽ കൈവശം കരുതിയാൽ മതി, കുടിവെള്ളം അധികം കൊണ്ട് നടക്കേണ്ട ആവശ്യമില്ല. എന്നാൽ അതിരുമലയിൽ നിന്ന് അഗസ്ത്യാർകൂടം ടോപ്പിലേക്കുള്ള വഴിയിൽ പൊങ്കാലപ്പാറ കഴിഞ്ഞുള്ള മൂന്ന് കിലോമീറ്റർ ഭാഗത്ത് വെള്ളമുണ്ടാകില്ല. അവിടെയെത്തുമ്പോൾ കുടിവെള്ളത്തിനുള്ള കരുതൽ വേണം.നല്ല ഷൂ സുഗമമായ ട്രെക്കിങ്ങിന് അനിവാര്യമായ ഘടകമാണ്. പുതിയ ഷൂ, കുറേക്കാലമായി ഉപയോഗിക്കാതെ വച്ച ഷൂ എന്നിവയൊക്കെ കഴിവതും ഒഴിവാക്കണം. ആങ്കിൾ സപ്പോർട്ട് കൂടി കിട്ടുന്ന ട്രെക്കിങ് ഷൂവാണ് ഏറ്റവും അനുയോജ്യം.
ലഗേജ് പരമാവധി കുറയ്ക്കുക. കൂടുതൽ ഡ്രസ് ഒക്കെ ചുമന്ന് നടക്കുന്നത് ബുദ്ധിമുട്ടാകും.അതിരുമല ബേസ് ക്യാമ്പിലാണ് യാത്രികർക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ ഇടയ്ക്ക് കഴിക്കാൻ ഈന്തപ്പഴം, നട്സ്, കടലമിട്ടായി, ചോക്ലേറ്റ് മുതലായ ഇൻസ്റ്റന്റ് എനർജിക്കുതകുന്ന ലഘു ഐറ്റംസ് കൈയിൽ കരുതണം.തിരിച്ചറിയൽ കാർഡുകൾ കൈവശം കരുതുക.
സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളുണ്ടെങ്കിൽ അവ എടുക്കാൻ മറക്കരുത്ഒരു ചെറിയ ടോർച്ച് കൈവശം കരുതുക.ഒരു ജാക്കറ്റ് കരുതുക. അധികം തണുപ്പേറിയ സ്ഥലമല്ലെങ്കിലും ചിലപ്പോൾ ശക്തമായ കാറ്റുണ്ടാകാൻ സാധ്യതയുണ്ട്. അപ്പോൾ ജാക്കറ്റില്ലെങ്കിൽ ബുദ്ധിമുട്ടാകും.
മുഖത്ത് വെയിലടിക്കാതെ നടക്കാൻ പറ്റിയ ഒരു തൊപ്പി കരുതുന്നത് നല്ലതാണ്. വെയിൽ ശക്തമായിരിക്കും, ഒരു നല്ല സൺസ്ക്രീൻ ലോഷൻ കരുതുന്നത് ഉപകാരമാവും. ഒരു ലൈറ്റ് വെയ്റ്റ് ചപ്പൽ കരുതുക. അതിരുമല ബേസ് ക്യാമ്പിന്റെ മുറ്റമൊക്കെ പരുക്കൻ പ്രതലമാണ്, ട്രെക്കിങ് കഴിഞ്ഞ് ഷൂവൊക്കെ അഴിച്ചുവച്ചാൽ മുറ്റത്തൊക്കെ നടക്കാൻ ചപ്പൽ വേണ്ടി വരും. (ചെരുപ്പിടാതെ മലകയറി വരുന്നവർക്ക് ബാധകമല്ല)
ഒരു ബെഡ്ഷീറ്റ് ആവശ്യമെങ്കിൽ കരുതാം. ബെഡ് നിലത്തിട്ടാണ് ബേസ് ക്യാമ്പിലെ ഉറക്കം. ഒന്ന് പുതയ്ക്കേണ്ടി വന്നാൽ ബെഡ്ഷീറ്റ് അവിടെ ലഭ്യമല്ല. യാത്രയിൽ അധികം സുഗന്ധമുള്ള സോപ്പ്, പെർഫ്യൂമുകൾ എന്നിവ ഒഴിവാക്കുക. ബേസ് ക്യാമ്പിന് മുന്നിലെ തോട്ടിൽ കുളിക്കുന്നവർ എണ്ണ ഒഴിവാക്കുക. ആകര്ഷകമായ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. കാടിന്റെ നിറത്തോട് യോജിക്കുന്ന കാമോ വസ്ത്രങ്ങളാണ് ഏറ്റവും അനുയോജ്യം. ട്രെക്കിന് വളരെ സൗകര്യപ്രദമാകുന്ന വസ്ത്രങ്ങൾ ധരിക്കുക.
കൂട്ടം തെറ്റി ഒറ്റയ്ക്കായിപ്പോകാതെ ശ്രദ്ധിക്കുക. ഒറ്റയ്ക്ക് പാസ് എടുത്ത ആളാണെങ്കിൽ പോലും ഏതെങ്കിലും ഗ്രൂപ്പിനൊപ്പം ചേർന്ന് നടക്കുക.ആനയും കരടിയുമൊക്കെയുള്ള ഘോര വനപാതയാണ്. വളരെ ശ്രദ്ധാപൂർവം നടക്കുക. ബേസ് ക്യാമ്പിൽ അസമയത്ത് പുറത്തിറങ്ങാതിരിക്കുക, പരിസരത്ത് രാത്രിയിൽ കരടികൾ വരാറുണ്ട്. ട്രെക്കിങ്ങിനിടെ ഡീഹൈഡ്രേഷൻ ഉണ്ടാകാതെ ഇടയ്ക്കിടെ ആവശ്യത്തിന് വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ മസിലുകയറി നടക്കാൻ സാധിക്കാതെ വരാം. ആവശ്യമുള്ളവർ ഒരു വടിയോ, ഹൈക്കിങ് പോളോ തുടക്കം മുതൽ കൈയിൽ കരുതുക. കുത്തനെ തിരിച്ചിറങ്ങുമ്പോൾ കാൽമുട്ടിനുണ്ടാകാവുന്ന സമ്മർദ്ദം കുറയ്ക്കാൻ ഇതുപകരിക്കും. ഏറ്റവും പ്രധാനപ്പെട്ട സംഗതി, ഒരുതരത്തിലുള്ള പാഴ് വസ്തുക്കളും വനപാതയിലോ വനഭൂമിയിലോ നിക്ഷേപിക്കുന്നില്ല എന്ന് ഉറപ്പുവരുത്തലാണ്. പ്ലാസ്റ്റിക് പാക്കറ്റുകളിലുള്ള ലഘുഭക്ഷണ പദാർത്ഥങ്ങൾ വനത്തിലേക്ക് കൊണ്ടുപോകരുത്. വനാന്തരങ്ങൾ ശുചിയായി നിലനില്ക്കട്ടെ.
ഇക്കൊല്ലത്തെ അഗസ്ത്യാർകൂടം സീസൺ ജനുവരി 20 മുതൽ ഫെബ്രുവരി 22 വരെയാണ്. ദിനംപ്രതി നൂറുപേർക്കാണ് പാസ് നൽകുക. സീസണിൽ പാസ് കിട്ടിയില്ലെന്ന് കരുതി വിഷമിക്കേണ്ട, സീസൺ കഴിഞ്ഞുള്ള പാക്കേജ് ട്രെക്കിങ്ങുണ്ട്, അത് മുഖേന പോകാവുന്നതാണ്.