Kerala

ചെന്താമര പിടിയിലായ ദിവസം രോഷാകുലരായി നാട്ടുകാര്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ് | nenmara double murder protest case

പോലീസ് സ്റ്റേഷന്റെ ഗേറ്റ് നാട്ടുകാര്‍ തകര്‍ത്തു

നെന്മാറ: നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര പിടിയിലായ രാത്രിയില്‍ നടന്ന ജനകീയപ്രതിഷേധത്തില്‍ പോലീസ് കേസെടുത്തു. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരേയാണ് കേസെടുത്തത്. പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊന്ന സംഭവത്തില്‍ ആണ് ചെന്താമര പിടിയിലായത്.

പോലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റിയെന്നും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി 10.30-ഓടെ ബോയന്‍ കോളനിയിലെ വീട്ടിലേക്കുവരുന്ന വഴിയിലാണ് ചെന്താമരയെ പോലീസ് പിടികൂടിയത്. നേരത്തേ, പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതിനെത്തുടര്‍ന്ന് പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ഈ സമയം സുഹൃത്തിന്റെ വീട്ടിലെ കോഴിഫാമില്‍ ഒളിച്ചിരിക്കുകയായിരുന്നു ചെന്താമര.

പോലീസ് തിരച്ചില്‍ മതിയാക്കി പോയെന്ന് ഉറപ്പാക്കിയശേഷം സ്വന്തം വീട്ടിലേക്ക് വരുന്ന വഴിയില്‍ വയലില്‍വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മണിയോടെ ഇയാളെ നെന്മാറ പോലീസ് സ്റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞതോടെ സ്റ്റേഷനുമുന്‍പില്‍ രോഷാകുലരായ നാട്ടുകാര്‍ തടിച്ചുകൂടി. പോലീസ് സ്റ്റേഷന്റെ ഗേറ്റ് നാട്ടുകാര്‍ തകര്‍ത്തു. തുടര്‍ന്ന്, പോലീസിന് മൂന്ന് തവണ ലാത്തിവീശേണ്ടി വന്നു.