Sports

കരുത്തായി സല്‍മാന്‍ നിസാറിന്റെ സെഞ്ച്വറി, നിര്‍ണ്ണായക മത്സരത്തില്‍ ബിഹാറിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

രഞ്ജി ട്രോഫിയില്‍ ബിഹാറിനെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ കേരളം മികച്ച സ്‌കോറിലേക്ക്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ്. രഞ്ജി ട്രോഫിയിലെ കന്നി സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാറിന്റെ ഇന്നിങ്‌സാണ് കേരളത്തിനെ ശക്തമായ നിലയിലെത്തിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത രോഹനെ ഹര്‍ഷ് വിക്രം സിങ്ങാണ് പുറത്താക്കിയത്. അടുത്തടുത്ത ഇടവേളകളില്‍ ആനന്ദ് കൃഷ്ണനും സച്ചിന്‍ ബേബിയും കൂടി പുറത്തായതോടെ തകര്‍ച്ചയുടെ വക്കിലായിരുന്നു കേരളം. ആനന്ദ് 11ഉം സച്ചിന്‍ ബേബി നാലും റണ്‍സ് നേടി. അക്ഷയ് ചന്ദ്രനും ഷോണ്‍ റോജറും ചേര്‍ന്ന കൂട്ടുകെട്ട് പ്രതീക്ഷ നല്കിയെങ്കിലും സ്‌കോര്‍ 81ല്‍ നില്‍ക്കെ അക്ഷയ് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. അക്ഷയ് 38 റണ്‍സെടുത്തു.

തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഷോണ്‍ റോജറും സല്‍മാന്‍ നിസാറും ചേര്‍ന്ന 89 റണ്‍സ് കൂട്ടുകെട്ടാണ് കേരള ഇന്നിങ്‌സില്‍ വഴിത്തിരിവായത്. 59 റണ്‍സെടുത്ത ഷോണിനെ വീര്‍ പ്രതാപ് സിങ് പുറത്താക്കി. തുടര്‍ന്നെത്തിയ മൊഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയ്ക്കും ആദിത്യ സര്‍വാടെയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. അസറുദ്ദീന്‍ ഒന്‍പതും ജലജ് സക്‌സേന അഞ്ചും ആദിത്യ സര്‍വാടെ ആറും റണ്‍സുമായി മടങ്ങി.

എന്നാല്‍ കഴിഞ്ഞ മത്സരത്തിലെപ്പോലെ വാലറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ നിധീഷ് എം ഡിയുടെ പ്രകടനം ഇക്കുറിയും കേരളത്തിന് മുതല്‍ക്കൂട്ടായി. മികച്ച ഫോമില്‍ ബാറ്റിങ് തുടര്‍ന്ന സല്‍മാന്‍ നിസാറിന് നിധീഷ് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 79 റണ്‍സാണ് പിറന്നത്. നിധീഷ് 30 റണ്‍സ് നേടി. ഇതിനിടയില്‍ സല്‍മാന്‍ നിസാറിനെ തേടി രഞ്ജിയിലെ കന്നി സെഞ്ച്വറിയെത്തി. കളി നിര്‍ത്തുമ്പോള്‍ സല്‍മാന്‍ 111 റണ്‍സുമായി പുറത്താകാതെ നില്ക്കുകയാണ്. 11 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സല്‍മാന്‍ നിസാറിന്റെ ഇന്നിങ്‌സ്. ബിഹാറിന് വേണ്ടി ഹര്‍ഷ് വിക്രം സിങ്ങും സച്ചിന്‍ കുമാര്‍ സിങ്ങും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി