Sports

നീന്തൽകുളത്തിൽ സ്വർണ്ണത്തിളക്കം; ദേശീയ ഗെയിംസിൽ കേരളത്തിന്‌ രണ്ടാം സ്വർണം | national games kerala get second gold

നീന്തലിൽ വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ്‌ സ്‌ട്രോക്കിലാണ്‌ ഹർഷിത ജയറാം കേരളത്തിന് സ്വർണം നേടി തന്നത്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം. നീന്തലിൽ വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ്‌ സ്‌ട്രോക്കിലാണ്‌ ഹർഷിത ജയറാം കേരളത്തിന് സ്വർണം നേടി തന്നത്.

2:42:38 മിനിറ്റിലാണ് ഹർഷിത ഫിനിഷ് ചെയ്തത്. ഭാരോദ്വഹനത്തിൽ സുഫ്ന ജാസ്മിന്‍ കേരളത്തിന്റെ ആദ്യ സ്വർണം നേടി. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സുവർണ നേട്ടം. മഹാരാഷ്ട്രയുടെ ദീപാലി ഗുർസാലെ വെള്ളിയും മധ്യപ്രദേശിന്റെ റാണി വെങ്കലവും നേടി.

ഗെയിംസിന്റെ ആദ്യ ദിനം നീന്തൽതാരമായ സജൻ പ്രകാശ്‌ നേടിയ ഇരട്ട വെങ്കലത്തോടെയായിരുന്നു കേരളം പോയിന്റ്‌ പട്ടികയിൽ പേര്‌ ചേർത്തത്‌. 100 മീറ്റർ ഫ്രീസ്റ്റൈലിലും 200 മീറ്റർ ബാക്ക്സ്‌ട്രോക്കിലുമായിരുന്നു സജന്റെ മെഡൽ നേട്ടം.

കഴിഞ്ഞ ദേശീയ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണവും 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയുമായിരുന്നു സജന്റെ നേട്ടം. ഇന്നലത്തെ 2 മെഡലുകളോടെ ദേശീയ ഗെയിംസുകളിലെ സജന്റെ ആകെ മെഡൽ നേട്ടം 28 ആയി; അതിൽ 14 സ്വർണം. 200 മീറ്റർ ഫ്രീസ്റ്റൈലിൽ കർണാടകയുടെ ശ്രീഹരി നടരാജനാണു സ്വർണം (1:50.52 മിനിറ്റ്). 100 മീറ്റർ ബട്ടർഫ്ലൈയിൽ തമിഴ്നാടിന്റെ രോഹിത് ബനഡിക്‌ഷനാണു സ്വർണം (53.89 സെക്കൻഡ്).