Kerala

‘കോണ്‍ഗ്രസ്സില്‍ ഈഴവര്‍ക്ക് എന്ത് പരിഗണനയാണുള്ളത് ?’; ഈഴവരുടെ പിന്‍ബലമില്ലാതെ കേരളത്തില്‍ ഒരു രാഷ്ട്രീയകക്ഷിക്കും വിജയിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ | vellappally natesan says what consideration ezhavas have in congress

അംഗീകാരവും പരിരക്ഷയും കിട്ടുന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: ഈഴവരുടെ പിന്‍ബലമില്ലാതെ കേരളത്തില്‍ ഒരു രാഷ്ട്രീയകക്ഷിക്കും വിജയിക്കാനാവില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും ഇടതുപക്ഷത്തില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

’30 ശതമാനത്തിലധികം ഈഴവ പിന്നോക്ക വിഭാഗമാണുള്ളതെന്നും ഈഴവ പിന്‍ബലമില്ലാത്തവര്‍ക്ക് കേരളത്തില്‍ ഭരണം കിട്ടിയ ചരിത്രമില്ല. കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് എന്ത് പരിഗണന ഉണ്ട്? ഇടതുപക്ഷത്തിന്റെ ജില്ലാ കമ്മിറ്റികളില്‍ ഈഴവ ജില്ലാ സെക്രട്ടറിമാരുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. എത്ര ഈഴവ ഡിസിസി പ്രസിഡൻ്റുമാര്‍ ഉണ്ട്? വെള്ളാപ്പള്ളി ചോദിച്ചു.

അംഗീകാരവും പരിരക്ഷയും കിട്ടുന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ഈഴവന് പരിരക്ഷയും അംഗീകാരവും കിട്ടുന്നില്ലെന്നും അല്‍പമെങ്കിലും പരിരക്ഷ ലഭിക്കുന്നത് ഇടതുപക്ഷത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് പോരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ കാലത്ത് ഇന്നത്തേക്കാള്‍ ഭേദമായിരുന്നുവെന്നും വലിയ പരിഗണന അപ്പോഴും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി നടേശൻ ഓര്‍മിപ്പിച്ചു.