Kerala

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി, പിന്നാലെ ഓടി രക്ഷപ്പെടാനും ശ്രമം; എംഡിഎംഎയുമായി കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ പിടിയില്‍ | drug trafficker arrested

2020ല്‍ ഉണക്കമീന്‍ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വിറ്റതിന് ഷിജോയെ എക്‌സൈസ് പിടികൂടിയിരുന്നു

തൃശൂർ: എംഡിഎംഎയുമായി കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ പിടിയില്‍. പീച്ചി ആശാരിക്കോട് ചേരുംകുഴി സ്വദേശി തെക്കയില്‍ വീട്ടില്‍ കിങ്ങിണി എന്ന ഷിജോ(30)ആണ് അറസ്റ്റിലായത്. 50 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്.

നെല്ലായി മുരിയാട് റോഡില്‍ നെല്ലായി വൃന്ദാവനം സ്റ്റോപ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ പ്രതിയെ കണ്ടതോടെ പൊലീസ് വാഹനം നിര്‍ത്തി. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വരുതിയിലാക്കി.

ഇരിങ്ങാലക്കുട പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം ദേഹപരിശോധന നടത്തിയപ്പോഴാണ് വസ്ത്രത്തിനുള്ളില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന രാസലഹരി കണ്ടെത്തിയത്. 2020ല്‍ ഉണക്കമീന്‍ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വിറ്റതിന് ഷിജോയെ എക്‌സൈസ് പിടികൂടിയിരുന്നു. 16 കിലോ കഞ്ചാവും അന്ന് പിടിച്ചെടുത്തിരുന്നു. മാള പുത്തന്‍ചിറയിലെ പ്രതിയുടെ വാടക വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ 30 കിലോ കഞ്ചാവും മാള പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തൃശൂര്‍, നെടുംപുഴ, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതി ഷിജോയെന്ന് പൊലീസ് പറഞ്ഞു. 2019ല്‍ ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊമ്പിടിയിലെ എസ്ബിഐ ബാങ്കിന്റെ എടിഎം മുഖംമൂടി ധരിച്ചെത്തി കുത്തിപ്പൊളിച്ച് പണം കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്.