The newborn baby's serious disability is not the family's fault...
ഇടുക്കി: തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് തെറ്റിദ്ധരിച്ച അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂച്ചപ്ര സ്വദേശി തെങ്ങും തോട്ടത്തില്‍ അനൂപിന്റെ ഭാര്യ സ്വപ്നയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ 33 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞായിരുന്നു. ജനിച്ച സമയം കുഞ്ഞിന് തൂക്കവും വലിപ്പവും കുറവായിരുന്നു.
പ്രസവ ശേഷം അമ്മയും കുഞ്ഞും കൂവക്കണ്ടത്ത് സ്വന്തം വീട്ടിലായിരുന്നു. കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനെ കാഞ്ഞാര്‍ എസ്.ഐ ബൈജു പി.ബാബുവും സംഘവും ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം പാല്‍ തൊണ്ടയില്‍ കുടുങ്ങിയത് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. ജന്മനായുള്ള ആരോഗ്യ പ്രശ്‌നമാണ് മരണ കാരണം. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില പിന്നിട്ടു.