India

700 കിലോ വെള്ളി, സ്വർണം, വജ്രം, 11,000 സാരികൾ, 1562 ഏക്കർ ഭൂമി; ജയലളിതയുടെ സ്വത്തുവകകൾ തമിഴ്നാട് സർക്കാരിൻ്റെ കൈകളിലേക്ക് | jayalalitha properties to tamil nadu govt

ജയലളിതയുടെ സ്വത്തുക്കൾ കണ്ടുകെട്ടി 24 വർഷത്തിന് ശേഷമാണ് ഇപ്പോൾ സ്വത്തുക്കൾ ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരികെ നൽകാൻ തീരുമാനം ആയിരിക്കുന്നത്

ബെംഗളൂരു : തമിഴനാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ സ്വത്തുവകകൾ തമിഴ്നാട് സർക്കാരിൻ്റെ കൈകളിലേക്ക്. തമിഴ്നാട് സർക്കാരിന് കൈമാറണമെന്ന നിർദേശം ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതിയാണ് നൽകിയത്. ജയലളിതയുടെ അവകാശികളായ ജെ ദീപക്, ജെ ദീപ എന്നിവർ നൽകിയ എതിർ ഹർജി തള്ളിയാണ് കർണാടക ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ സ്വത്തുക്കൾ കണ്ടുകെട്ടി 24 വർഷത്തിന് ശേഷമാണ് ഇപ്പോൾ സ്വത്തുക്കൾ ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരികെ നൽകാൻ തീരുമാനം ആയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിബിഐ കണ്ടുകെട്ടിയ ജെ ജയലളിതയുടെ സ്വത്തുക്കൾ തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറണം എന്നാണ് കർണാടക ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. 27 കിലോ സ്വർണാഭരണങ്ങൾ, വെള്ളി, വജ്രാഭരണങ്ങൾ, പതിനായിരത്തിലധികം സാരികൾ, 1,562 ഏക്കർ ഭൂമി എന്നിവയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതയിൽ നിന്നും സിബിഐ കണ്ടുകെട്ടിയിട്ടുള്ളത്. ഈ സ്വത്തുക്കൾ തമിഴ്നാടിന് തിരികെ നൽകാൻ നേരത്തെ സിബിഐ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായാണ് ജയലളിതയുടെ നിയമപരമായ അവകാശികളായ ജെ ദീപക്, ജെ ദീപ എന്നിവർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഫെബ്രുവരി 14, 15 തീയതികളിൽ നടപടികൾ പൂർത്തിയാക്കി ഈ വസ്തുവകകൾ കൈമാറണം എന്നാണ് കർണാടക ഹൈക്കോടതി അറിയിച്ചിട്ടുള്ളത്. ബംഗളൂരുവിൽ നിന്നും ഈ സ്വത്തുക്കൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കൃത്യമായ സുരക്ഷ ഏർപ്പെടുത്തണമെന്നും കൈമാറ്റം വീഡിയോഗ്രാഫി ചെയ്യണമെന്നും തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിനോട് കർണാടക ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ജയലളിതയുടെ വസതിയായ വേദനിലയം ഉൾപ്പെടെയുള്ളവയാണ് കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉള്ളത്. 27 കിലോയിൽ അധികം തൂക്കം വരുന്ന സ്വർണാഭരണങ്ങളും വജ്ര ആഭരണങ്ങളും ഉൾപ്പെടെയുള്ളവയും ഭൂസ്വത്തുക്കളുടെ രേഖകളും വിലപിടിപ്പുള്ള 10000ത്തോളം സാരികളും ബംഗളൂരു ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്.