Science

62 മണിക്കൂർ 6 മിനിറ്റ് ബഹിരാകാശത്ത് നടന്ന വനിത; വീണ്ടും ചരിത്രമെഴുതി സുനിത വില്യംസ് | sunita williams spacewalk record

തന്റെ 19-ാം ബഹിരാകാശ നടത്തത്തിലാണ് സുനിത നേട്ടം സ്വന്തമാക്കിയത്

വാഷിങ്ടൻ∙ ബഹിരാകാശത്തു ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡാണ് സുനിത ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ സുനിതയുടെ ബഹിരാകാശ നടത്തം ആകെ 62 മണിക്കൂർ 6 മിനിറ്റായി. 2017ൽ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൻ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റെക്കോർഡാണു സുനിത മറികടന്നത്.

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍ കാരണം എട്ടുമാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഒരുമിച്ച് ആദ്യമായി ബഹിരാകാശത്ത് നടന്നിരുന്നു. ഇതോടെയാണ് പുതിയ റെക്കോര്‍ഡ് നേടിയത്. തന്റെ 19-ാം ബഹിരാകാശ നടത്തത്തിലാണ് സുനിത നേട്ടം സ്വന്തമാക്കിയത്.

നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനായിരുന്നു നടത്തം. ബഹിരാകാശ നിലയത്തിലെത്തിയശേഷം ആദ്യമായാണ് വില്‍മോര്‍ പുറത്തിറങ്ങുന്നത്. നിലയത്തിന്റെ കമാന്‍ഡര്‍ കൂടിയായ സുനിത രണ്ടാഴ്ചമുന്‍പ് മറ്റൊരു ബഹിരാകാശ സഞ്ചാരിക്കൊപ്പം ബഹിരാകാശത്ത് നടന്നിരുന്നു. 2024 ജൂണില്‍ പത്തുദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്. ഇവരെ എത്രയുംവേഗം തിരികെയെത്തിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്‌പെയ്സ് എക്‌സ് സി.ഇ.ഒ. ഇലോണ്‍ മസ്‌കും പറഞ്ഞിട്ടുണ്ട്.