പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഇരുസഭകളേയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടന രൂപീകരണത്തിന്റെ ഭാഗമായ ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ളവരെ ഈ അവസരത്തിൽ ഓർക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാഷ്ട്രപതി അനുസ്മരിച്ചു. മൂന്നാം മോദി സർക്കാർ മൂന്നിരട്ടി വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സർക്കാർ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുന്നു. 25 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. കേന്ദ്രസർക്കാർ പദ്ധതികളെ പ്രശംസിച്ച് രാഷ്ട്രപതി. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് പ്രശംസ. ഭവനരഹിതരായവർക്ക് പദ്ധതി പ്രയോജനപ്പെട്ടുവെന്ന് രാഷ്ട്രപതി. കിസാൻ പദ്ധതിയും ആയുഷ്മാൻ പദ്ധതിയും സർക്കാർ നടപ്പാക്കിയ മികച്ച പദ്ധതികളെന്നും രാഷ്ട്രപതി.
രാജ്യത്ത് ഗതാഗത സൗകര്യങ്ങൾ വൻതോതിൽ വികസിച്ചു. ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ യശസ്സ് യുവാക്കളിലൂടെ അറിയുന്നു. ഡിജിറ്റൽ ഇടപാടുകൾ സാധാരണക്കാരിലേക്കും എത്തി. യുഎസ് വേൾഡ് ഫ്യൂച്ചർ സ്കിൽ ഇൻഡക്സ് 2025ൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. സർക്കാരിന്റെ വികസന നേട്ടങ്ങളും പ്രവർത്തനങ്ങളും എടുത്ത് പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.
ഓരോ ഇന്ത്യൻ പൗരന്റെയും ജീവിത നിലവാരം ഉയർത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യമെന്നും ലഖ്പതി ദിദി പദ്ധതിയിലൂടെ മൂന്നുലക്ഷം സ്ത്രീകൾക്ക് ഗുണമുണ്ടായെന്ന് രാഷ്ട്രപതി വ്യക്തമാക്കി. സർക്കാരിന്റെ പദ്ധതികൾ എല്ലാം സുതാര്യം. എ ഐ ടെക്നോളജിയിൽ ഇന്ത്യൻ മുൻപന്തിയിൽ. ബഹിരാകാശ രംഗത്തും ഇന്ത്യയ്ക്ക് നേട്ടങ്ങൾ ഉണ്ടായി. നൂറാംവിക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒ രാജ്യത്തിൻറെ അഭിമാനമുയർത്തി. ഇന്നോവേഷൻ ഹബ് ആയി രാജ്യത്തെ മാറ്റാൻ സാധിച്ചുവെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
മധ്യവർഗ്ഗത്തിനുവേണ്ടി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി. വന്ദേ ഭാരത റെയിൽവേ രാജ്യത്തിൻ്റെ വികസനത്തിന് ഉദാഹരണമാണ്. ആയുഷ്മാൻ ഭാരത് യോജനയിലൂടെ 70ന് മുകളിലുള്ളആളുകൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നു. വളരെ വേഗം ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് രാഷ്ട്രപതി പറഞ്ഞു.