അമേരിക്കയില്‍ വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ മോദി ജിവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും അമേരിക്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
60 വിമാനയാത്രക്കാര്‍ , 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരിച്ചവരിൽ 14 സ്കേറ്റിങ് താരങ്ങളും, സ്‌കേറ്റിങ് മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്കേറ്റിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്യാമ്പിൽ നിന്ന് മടങ്ങുകയായിരുന്നു സംഘം. റഷ്യൻ വംശജരായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും വർഷങ്ങളായി അമേരിക്കയിൽ താമസിച്ച്, യുവ സ്‌കേറ്റർമാരെ പരിശീലിപ്പിച്ച് വരികയായിരുന്നു.
അതേസമയം, വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുൻ പ്രസിഡൻ്റ് ബരാക് ഒബാമയെയും പ്രസിഡൻ്റ് ജോ ബൈഡനെയും വ്യോമ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തതായി ആരോപിച്ചു. നിയമന തീരുമാനങ്ങളിൽ കഴിവിനേക്കാൾ വൈവിധ്യത്തിനാണ് അവർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.