അമേരിക്കയില്‍ യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച സംഭവത്തില്‍ ഒബാമയെയും ബൈഡനേയും കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തിലുള്‍പ്പെടെ ഇവര്‍ കൊണ്ടുവന്ന വംശീയ വൈവിധ്യമാണ് അപകടത്തിന് കാരണമെന്ന വിചിത്രവാദമാണ് ട്രംപ് ഉന്നയിക്കുന്നത്. വൈറ്റ് ഹൗസിന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് 67 പേര് മരിക്കാനിടയായ അപകടം നടന്നത്.
60 വിമാനയാത്രക്കാര്‍ , 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരിച്ചവരിൽ 14 സ്കേറ്റിങ് താരങ്ങളും, സ്കേറ്റിങ് മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്കോവയും വാദിം നൗമോവും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്കേറ്റിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്യാമ്പിൽ നിന്ന് മടങ്ങുകയായിരുന്നു സംഘം. റഷ്യൻ വംശജരായ യെവ്ജീനിയ ഷിഷ്കോവയും വാദിം നൗമോവും വർഷങ്ങളായി അമേരിക്കയിൽ താമസിച്ച്, യുവ സ്കേറ്റർമാരെ പരിശീലിപ്പിച്ച് വരികയായിരുന്നു.
വിമാനാപകടത്തിൽ മരിച്ചവരിൽ റഷ്യ, ഫിലിപ്പീൻസ്, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നുണ്ട്. രണ്ട് ചൈനീസ് പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് ചൈനീസ് എംബസിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് സൈനികർ ഉൾപ്പെടെ 28 പേരുടെ മൃതദേഹങ്ങളാണ് പൊട്ടോമാക് നദിയിലെ മഞ്ഞുമൂടിയ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും അപകടത്തിൽ നിന്നും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സ്ഥിരീകരണം.