പരിശുദ്ധ റമദാൻ വ്രതാരംഭത്തിന് ഇനി 30 ദിവസം. ശഅബാൻ മാസപ്പിറവി കണ്ടതായി വിവിധ ഗൾഫ് രാജ്യങ്ങൾ അറിയിച്ചു. മാർച്ച് ഒന്നിന് മദാൻ വ്രതം തുടങ്ങിയേക്കുമെന്നാണ് വാന നിരീക്ഷകരുടേയും മതകാര്യ മന്ത്രാലയങ്ങളുടേയും നിഗമനം.
യുഎഇ തലസ്ഥാനമായ അബുദാബിയിലെ അൽ ഖത്തീം അസ്ട്രോണമിക്കൽ സെൻ്റർ ആണ് ശഅബാൻ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെ ഇതിൻ്റെ ചിത്രവും കേന്ദ്രം പുറത്തുവിട്ടു. സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ശഅബാൻ മാസപ്പിറവി കണ്ടതായി സ്ഥിരീകരച്ചിട്ടുണ്ട്. കുവൈറ്റ്, ഇറാഖ്, ജോർദ്ദാൻ തുടങ്ങി പതിനെട്ടോളം രാജ്യങ്ങളാണ് ശഅബാൻ പിറവി കണ്ടതായി സ്ഥിരീകരിച്ചവയുടെ പട്ടികയിലുണ്ട്. ഇവിടെയെല്ലാം ജനുവരി 31, വെള്ളിയാഴ്ചാണ് ശഅബാൻ ആരംഭിക്കുക.
ഇസ്ലാമിക കലണ്ടർ പ്രകാരം എട്ടാം മാസമാണ് ശഅബാൻ. ഒൻപതാമത് മാസമായ വിശുദ്ധ റമദാൻ അതുകൊണ്ടു തന്നെ മാർച്ച് 1-ന് തുടങ്ങുമെന്നാണ് വിലയിരുത്തൽ. ശഅബാൻ 29-ന് അതത് രാജ്യങ്ങളിലെ മൂൺസൈറ്റിംഗ് കമ്മിറ്റി യോഗം ചേർന്ന് വാന നിരീക്ഷണം നടത്തും. മതകാര്യ മന്ത്രാലയങ്ങളും പ്രത്യേക യോഗം ചേരും. അന്ന് മാസപ്പിറവി കണ്ടാൽ -പിറ്റേദിവസം റമദാൻ വ്രതം ആരംഭിക്കും. ഇല്ലെങ്കിൽ ശഅബാൻ 30 പൂർത്തിയാക്കി തൊട്ടടുത്ത ദിവസമാകും വ്രതാനുഷ്ഠാനും ആരംഭിക്കുക.