ബജറ്റിന് ഒരു ദിവസം മുമ്പ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ പാർലമെൻ്റിൽ അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 6.3 മുതൽ 6.8 ശതമാനം വരെ വളരുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്.
ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപനത്തിന് പിന്നാലെയാണ് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്തു വച്ചത്. നാളെയാണ് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ 2025-26 വർഷത്തേക്കുള്ള ബജറ്റ് നിർമല അവതരിപ്പിക്കുക. ബജറ്റ് അവതരണത്തിനായി സഭ പിരിഞ്ഞു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ കഴിഞ്ഞ ഒരുവർഷക്കാലത്തെ പ്രകടനത്തിന്റെ അവലോകനവും കേന്ദ്രസർക്കാരിന്റെ ഇനിയുള്ള നയങ്ങളിലേക്കുള്ള ദിശാസൂചികയുമാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ ജിഡിപി വളർച്ചനിരക്ക് നടപ്പുവർഷം (2024-25) കഴിഞ്ഞ 4 വർഷത്തെ താഴ്ചയായ 6.4 ശതമാനത്തിലേക്ക് ഇടിയുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഈമാസാദ്യം പുറത്തുവിട്ട ആദ്യ അനുമാനത്തിൽ വ്യക്തമാക്കിയിരുന്നു. 2022-23ൽ 7 ശതമാനവും 2023-24ൽ 8.2 ശതമാനവുമായിരുന്നു വളർച്ച. 2021-22ൽ 9.7 ശതമാനവും വളർന്നു.