Kerala

പ്രവാസികളുടെ ഭൂമി വില്‍പ്പന;സ്ഥിര താമസക്കാരായ നികുതിദായകര്‍ക്ക് സമാനമായ നികുതി എന്‍ആര്‍ഐ വിഭാഗത്തിനും നടപ്പാക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

റിയല്‍ എസ്റ്റേറ്റിലെ മൂലധന നേട്ടങ്ങളുടെ നികുതിയില്‍ എന്‍ആര്‍ഐക്കാര്‍ക്കും തുല്യ നികുതി നടപ്പാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ധനമന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റ് കാലത്തെ ഭേദഗതി പ്രകാരം നാട്ടില്‍ ഭൂമി വില്‍ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ സര്‍ക്കാരിലേക്ക് കൂടുതല്‍ നികുതി അടയ്ക്കേണ്ടി വരുന്നു. കേന്ദ്ര സര്‍ക്കാര്‍ ടാക്സ് ഇന്‍ഡെക്സേഷന്‍ ബെനിഫിറ്റ് അവസാനിപ്പിച്ചതോടെയാണിത്. 2024 ജൂലായ് 23-ന് മുമ്പ് സമ്പാദിച്ച സ്വത്തുക്കള്‍ക്ക് ഇന്‍ഡെക്‌സേഷനോടുകൂടിയ 20% നികുതിയോ ഇന്‍ഡെക്‌സേഷന്‍ കൂടാതെ 12.5% നികുതിയോ തിരഞ്ഞെടുക്കാന്‍ നികുതിദായകരെ അനുവദിക്കുന്നതാണ് വ്യവസ്ഥ. ഇന്ത്യയില്‍ സ്ഥിര താമസക്കാരായ നികുതി ദായകര്‍ക്ക് ഇതു ആശ്വാസമാണ്.അതേ സമയം ഈ ഓപ്ഷനില്‍ എന്‍ആര്‍ഐ വിഭാഗത്തെ പരിഗണിക്കാത്തതുവഴി അവര്‍ക്ക് ഇന്‍ഡെക്‌സേഷന്റെ പ്രയോജനം നിഷേധിക്കപ്പെടുന്നു. ഇത് ദീര്‍ഘകാല റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലെ പണപ്പെരുപ്പ പ്രത്യാഘാതങ്ങള്‍ കണക്കാക്കുന്നതില്‍ നിര്‍ണായകമാണെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.