Thiruvananthapuram

ഡിവൈഡറിൽ തട്ടി ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ടു, കെ എസ് ആർ ടി സി ബസിനടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം | bike accident

കരമന - കളിയിക്കാവിള ദേശീയപാതയില്‍ മുടവൂര്‍പ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്

തിരുവനന്തപുരം: ഡിവൈഡറിൽ തട്ടി ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കെ എസ് ആർ ടി സി ബസിനടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വഴുതൂര്‍ കൂട്ടപ്പന കോതച്ചന്‍വിള മേലേ പുത്തന്‍ വീട്ടില്‍ ജിഷ്ണുദേവ്(29) ആണ് മരണപ്പെട്ടത്. കരമന – കളിയിക്കാവിള ദേശീയപാതയില്‍ മുടവൂര്‍പ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജിഷ്ണുദേവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ദാരുണാന്ത്യം സംഭവിച്ചത്.

ബൈക്കിൽ യാത്രചെയ്തിരുന്ന ജിഷ്ണുദേവ് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിനെ മറികടക്കാന്‍ ശ്രമിക്കവേ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. കെ എസ് ആർ ടി സി ബസിനടിയിലേക്ക് തെറിച്ചു വീണ ജിഷുണുദേവിന്‍റെ അരയ്ക്ക് താഴെയായി ബസിന്‍റെ പിന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു. യാത്രക്കാരും, നാട്ടുകാരും ബഹളം വച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി ജിഷ്ണുവിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ നരുവാമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പാലക്കാട് – തൃശൂർ ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു എന്നതാണ്. പാലക്കാട് മുണ്ടൂർ സ്വദേശി സാറാ ഫിലിപ്പാണ് മരിച്ചത്. ഭർത്താവ് ഫിലിപ്പിനെ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കുഴൽമന്ദത്തിന് സമീപമാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഒമ്പതോടെ ലോറി സൈഡാക്കി ഉറങ്ങുകയായിരുന്നുവെന്ന് ഡ്രൈവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

CONTENT HIGHLIGHT : ksrtc-bus-accident-latest-news

Latest News