തിരുവാണിയൂരിൽ സഹപാഠികളുടെ അതിക്രൂര പീഡനത്തെത്തുടർന്ന് മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടി സാമന്ത. വിദ്യാർത്ഥിയുടെ മരണവാർത്ത തന്നെ തകർത്തുകളഞ്ഞെന്നും തിളക്കമുളള യുവജീവനാണ് നമുക്ക് നഷ്ടമായതെന്നും താരം സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിലൂടെ പറഞ്ഞു. ജസ്റ്റിസ് ഫോർ മിഹിർ എന്ന ഹാഷ്ടാഗോടെയാണ് നടി കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുളളത്.
2025 ആയിട്ടും വെറുപ്പും വിഷവും നിറഞ്ഞ ചിലർ ഒരാളെ മരണത്തിലേക്ക് തളളിവിട്ടു. മറ്റൊരു യുവജീവിതമാണ് നമുക്ക് നഷ്ടപ്പെട്ടത്. ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, റാഗിംഗ് എന്നിവ ആചാരങ്ങളല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് മിഹിറിന്റെ മരണം. മാനസികവും ശാരീരികവും ചിലപ്പോൾ വൈകാരികവുമാകാറുണ്ട് ഇതിൽ ഏതാണെങ്കിലും റാഗിംഗ് ആക്രമം തന്നെയാണെന്നും നടി അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യത്ത് കർശനമായ റാഗിംഗ് വിരുദ്ധ നിയമങ്ങളുണ്ടെന്ന് തോന്നുന്നു. എന്നിട്ടും വിദ്യാർത്ഥികൾ നിശ്ശബ്ദത പാലിക്കുന്നു, സംസാരിക്കാൻ ഭയപ്പെടുന്നു. എവിടെയാണ് നമ്മൾ പരാജയപ്പെടുന്നത്. ഇത് വെറും അനുശോചനങ്ങൾ കൊണ്ട് അവസാനിക്കരുത്. മിഹിറിന് നീതി ലഭിക്കണം. സത്യം മൂടിവെയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, കുട്ടിയെ മരണത്തിലേക്ക് നയിച്ചവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ഭയവും വിധേയത്വവുമല്ല, സഹാനുഭൂതിയും ദയയും നമ്മുടെ കുട്ടികളെ പഠിപ്പിക്കാം. മിഹിറിനുവേണ്ടിയുള്ള നീതികൊണ്ട് അർത്ഥമാക്കുന്നത് മറ്റൊരു വിദ്യാർത്ഥിക്കും ഇതേ വേദന സഹിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. അവനോട് നമ്മൾ അത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നും സാമന്ത വ്യക്തമാക്കി.
STORY HIGHLIGHT: actress samantha on mihir ahammed death