Kerala

‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’: ഓട്ടോ സ്റ്റിക്കർ മാർച്ച് 1 മുതൽ നടപ്പാക്കും

തിരുവനന്തപുരം: ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ പതിക്കുന്നത് മാർച്ച് 1 മുതൽ നടപ്പാക്കും. ഉത്തരവിറങ്ങിയെങ്കിലും തയാറെടുപ്പിന് ഒരുമാസത്തെ സമയം വേണമെന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശം പരിഗണിച്ചാണ് മാർച്ച് ഒന്നു മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് സ്റ്റിക്കർ പതിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പരിശോധനയിൽ മാർച്ച് 1 മുതൽ സ്റ്റിക്കർ നിർബന്ധമാക്കി. സ്റ്റിക്കറിൽ ഉൾപ്പെടുത്തേണ്ട വാചകം, സ്റ്റിക്കറിന്റെ വലുപ്പം എന്നിവയുടെ മാനദണ്ഡങ്ങളുമായി പ്രത്യേക സർക്കുലർ ഈയാഴ്ച പുറത്തിറക്കുമെന്നും ഗതാഗത കമ്മിഷണർ പറഞ്ഞു. ആരും എതിർപ്പുമായി വകുപ്പിനെ സമീപിച്ചിട്ടില്ലെന്നും ഓട്ടോ തൊഴിലാളികളിൽ നിന്ന് അനുകൂല അഭിപ്രായമാണ് ലഭിച്ചതെന്നും കമ്മിഷണർ എച്ച്.നാഗരാജു പറഞ്ഞു.