കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണം ഉടൻ ആരംഭിക്കും. ഉദ്യോഗസ്ഥർ സ്കൂളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് വിശദാംശങ്ങൾ തേടും. മിഹിർ അഹമ്മദിൻ്റെ അമ്മ നൽകിയ റാഗിങ്ങ് പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തെ വിശദമായി അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയത്.
കഴിഞ്ഞ പതിനഞ്ചാം തിയതി ആയിരുന്നു മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്കൂളിൽ മകൻ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നും ഇതിൻ്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് മാതാവ് പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.