Movie News

മഹാവീരചക്ര ജേതാവിനെ തമിഴ് കഥാപാത്രമായി അവതരിപ്പിച്ചു ; സ്‌കൈ ഫോഴ്‌സിനെതിരേ കർണാടകയിൽ പ്രതിഷേധം – skyforce movie karnataka protest

സന്ദീപ് കെവ്ലാനി സംവിധാനം ചെയ്ത ‘സ്‌കൈ ഫോഴ്സ്’ എന്ന ഹിന്ദി സിനിമയ്ക്കുനേരേ കര്‍ണാടകയിലെ കുടക് ജില്ലയില്‍ വ്യാപക പ്രതിഷേധം. മഹാവീരചക്ര അവാര്‍ഡ് ജേതാവും കുടക് സ്വദേശിയുമായ സൈനിക ഉദ്യോഗസ്ഥന്‍ അജ്ജമദ ബി. ദേവയ്യയെ സിനിമയില്‍ തമിഴ് കഥാപാത്രമായി അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധം. ചിത്രത്തിനെതിരേ സാമൂഹികമാധ്യമത്തില്‍ പ്രതിഷേധം ശക്തമാണ്.

സിനിമ കര്‍ണാടകയില്‍ നിരോധിക്കണമെന്നും അണിയറ പ്രവര്‍ത്തകര്‍ മാപ്പുപറയണമെന്നും ആവശ്യമുയര്‍ന്നു. 1965-ലെ യുദ്ധത്തില്‍ പാകിസ്താനില്‍ ഇന്ത്യ നടത്തിയ ആദ്യ വ്യോമാക്രമണത്തെ ആസ്പദമാക്കിയുള്ള ചിത്രം ജനുവരി 24-നാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ദേവയ്യയെ ‘ടി. കൃഷ്ണന്‍ വിജയ്’ എന്ന കഥാപാത്രമായി നടന്‍ വീര്‍ പഹാരിയയാണ് അവതരിപ്പിക്കുന്നത്. തമിഴനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്വത്വത്തില്‍ വന്ന മാറ്റം കുടകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ദേവയ്യയെക്കുറിച്ച് പുസ്തകം എഴുതിയ കൊടവ മക്കട കൂട്ട പ്രസിഡന്റ് ബൊള്ളജിര ബി. അയ്യപ്പ പറഞ്ഞു.

യോദ്ധാവിനെ തെറ്റായി ചിത്രീകരിച്ചതിനും കുടകിലെ ജനങ്ങളെ അനാദരിച്ചതിനും പിന്നണിപ്രവര്‍ത്തകര്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാര്‍ നായകനായ ചിത്രത്തിന് നിരൂപകരില്‍നിന്നും പ്രേക്ഷകരില്‍നിന്നും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയിരിക്കുന്നത്.

STORY HIGHLIGHT: skyforce movie karnataka protest