കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ കേരളത്തെ പരിഗണിക്കുമോ എന്നാണ് ഏറെ ആകാംക്ഷയോടെ സംസ്ഥാനം കാത്തിരിക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. ഇത്തവണ ആദായ നികുതി ഇളവുകൾ വര്‍ധിപ്പിക്കും എന്നുള്ള പ്രത്യാശയിലാണ് രാജ്യത്തുള്ള നികുതിദായകർ. കേരളത്തെ സംബന്ധിച്ചും ഈ കേന്ദ്ര ബജറ്റില്‍ ഒരുപാട് പ്രതീക്ഷകളാണുള്ളത്. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനമാണ് കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ തുടർ വികസനത്തിന് 5000 കോടി രൂപ, വയനാടിന് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ്, 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് കേന്ദ്രത്തിന് മുന്നിൽ കേരളം ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര സ്ക്രാപ്പ് പോളിസിക്ക് പകരം സർക്കാർ വാഹനങ്ങൾക്കായി 800 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ 4500 കോടി തുടങ്ങിയവയും കേരളത്തിന്റെ ആവശ്യങ്ങളാണ്. തീരദേശ ശോഷണം നേരിടാൻ 2329 കോടി രൂപ അനുവദിക്കണമെന്നും കേരളത്തിന്റെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.
ആവശ്യങ്ങൾ പലത് ഉണ്ടെങ്കിലും തീരുമാനം ഉണ്ടാകുമോ എന്നകാര്യത്തിൽ വ്യക്തതയില്ല. മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് സൂചന. മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്. ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം.
STORY HIGHLIGHT: kerala expectations on central budget