മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ മരണത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതർ. റാഗിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്‌കൂള്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നവരെ സ്‌കൂള്‍ സംരക്ഷിക്കില്ല എന്നും അധികൃതർ പറയുന്നു. തിരുവാണിയൂരിൽ സഹപാഠികളുടെ അതിക്രൂര പീഡനത്തിന് വിധേയനായി മിഹിര്‍ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണി വിശദീകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്‌കൂള്‍ പരിസരത്ത് കംപ്ലെയിന്റ് ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ അധ്യാപകരോട് പരാതി പറയുകയോ കംപ്ലെയിന്റ് ബോക്സ് സൗകര്യം ഉപയോഗിക്കുകയോ ചെയ്യാം. മിഹിറിന്റെ മരണവുമായി ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അധ്യാപകരുടെയോ കൗണ്‍സലര്‍മാരുടെയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തെളിവുകള്‍ ലഭിക്കാതെ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാകില്ല. മാത്രമല്ല, അത്തരം നടപടികള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കാനിടയുണ്ട്. അതിനാല്‍ തന്നെ നടപടിയെടുക്കുന്നതില്‍ പരിമിതികളുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ വൈകാരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാണെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. മിഹിറിന്റെ രക്ഷാകർത്താക്കളുടെ പരാതിയുടെ വിശദാംശങ്ങൾ പോലീസിന് നൽകിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് സ്‌കൂൾ അധികൃതരുടെ പ്രതികരണം. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലിറ്റും ചെയ്തിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. ആവശ്യമെങ്കില്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടും. സ്‌കൂളിലെ സി.സി.ടി.വി. പോലീസ് ലോക്ക് ചെയ്തിട്ടുണ്ട്.
STORY HIGHLIGHT: global public school student death