ഗാസയിലെ വെടിനിർത്തൽ കരാറിന് കീഴിൽ ഇസ്രായേൽ 183 തടവുകാരെ മോചിപ്പിക്കാനൊരുങ്ങുന്നുവെന്ന് പലസ്തീനിയൻ വൃത്തങ്ങൾ. വെടിനിർത്തൽ കരാറിന് ശേഷം ഇത് നാലാമത്തെ തവണയാണ് ബന്ദികളെ വിട്ടയക്കുന്നത്. ഇന്നലെ രാത്രിയാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. ഇസ്രായേൽ ജയിലുകളിൽ നിന്ന് 90 തടവുകാരെ മോചിപ്പിക്കുന്നുവെന്നാണ് മുൻപ് പ്രഖ്യാപിച്ചിരുന്നത്. നാളെ മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പുതുക്കിയ എണ്ണം 183 ആണെന്ന് ഫലസ്തീൻ പ്രിസണേഴ്സ് ക്ലബ് വക്താവ് അമാനി സരഹ്നെ വെള്ളിയാഴ്ച പറഞ്ഞു.
2023 ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് മുൻപ് അറസ്റ്റിലായ 72 തടവുകാരാണ് ആദ്യത്തെ ലിസ്റ്റിൽ ഉൾക്കൊള്ളുന്നത്. പലസ്തീനിൽ യുദ്ധം തുടങ്ങിയ സമയത്ത് തടവിലാക്കപ്പെട്ട 111 പേരാണ് രണ്ടാമത്തെ ലിസ്റ്റിലുള്ളത്. ജനുവരി 19 നാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. നീണ്ട 15 മാസത്തിനു ശേഷമാണ് തടവുകാരെയെല്ലാം മോചിപ്പിക്കുന്നത്. ഇതുവരെ നൂറുകണക്കിന് പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ മോചിപ്പിച്ചിട്ടുള്ളത്. സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്.