മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത് പൊതു ബജറ്റ് അവതരിപ്പിക്കാനായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിലെത്തി. 2025-26 വര്‍ഷത്തെ പൊതുബജറ്റ് ഇന്ന് 11 മണിക്കാണ് മന്ത്രി അവതരിപ്പിക്കുക. ഇത്തവണത്തെ ബജറ്റ് കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലകളിലും പ്രകമ്പനം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഇത്തവണയും നിർമല സീതാരാമൻ പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്.
ടാബുമായാണ് അവർ പാർലമെൻ്റിൽ എത്തിയത്. എല്ലാ വർഷവും ബജറ്റ് പേപ്പറുകൾ അച്ചടിക്കുന്നത് ധനമന്ത്രാലയത്തിലുള്ള പ്രസിലാണ്. ചരിത്രത്തിലാദ്യമായി ഇതിന് മാറ്റം വരുത്തിയത് 2022ലാണ്. ഇപ്പോൾ എം പിമാർക്കും സോഫ്റ്റ് കോപ്പികളാണ് നൽകാറുള്ളത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു.
ഇത്തവണ മധുബനി സാരി ധരിച്ചാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. മധുബനി കലയ്ക്കും പത്മപുരസ്കാരജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണത്. ദുലാരി ദേവി സമ്മാനിച്ച സാരി ധരിച്ചാകും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. 2021 ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ് ദുലാരി ദേവി. ദുലാരി ദേവിയുടെ അഭ്യർത്ഥനയെ തുടർന്നാണ് മധുബനി സാരി ധരിച്ച് ബജറ്റ് അവതരിപ്പിക്കുക.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ മനോഹരമായ പ്രതിനിധാനമാണ് വർണ്ണാഭമായ മധുബനി രൂപത്തിലുള്ള ബോർഡറോടുകൂടിയ നിർമല സീതാരാമൻ്റെ സാരി. ബീഹാറിലെ മിഥില മേഖലയിൽ നിന്നുള്ള ഒരു പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല, സങ്കീർണ്ണമായ ജ്യാമിതീയ പാറ്റേണുകൾ, പുഷ്പ രൂപങ്ങൾ, പ്രകൃതിയുടെയും പുരാണങ്ങളുടെയും ചിത്രീകരണങ്ങൾ എന്നിവയാൽ സവിശേഷതയുണ്ട്.
രാജ്യത്തുള്ള നികുതിദായകർ ഏറെ പ്രതീക്ഷയോടെ കാണുന്ന ബജറ്റാണിത്. കഴിഞ്ഞ ദിവസം ബജറ്റ് സമ്മേളനം ആരംഭിച്ചപ്പോൾ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇത് ഏറെ പ്രതീക്ഷകളുള്ള ബജറ്റ് ആണെന്ന് തന്നെയാണ് സൂചിപ്പിച്ചത്.
കേരളത്തിനും കേന്ദ്ര ബജറ്റ് സംബന്ധിച്ച് വളരെയേറെ പ്രതീക്ഷകൾ ഉണ്ട്. വിഴിഞ്ഞം തുറമുഖം, വയനാട് സഹായം, 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്നീ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ സംസ്ഥാനം ഉന്നയിച്ചിരുന്നു. ഇവയിൽ ഏതെങ്കിലും നടക്കുമോയെന്നാണ് ഇനി നോക്കിക്കാണേണ്ടത്. മധ്യ വർഗ്ഗത്തിന് അനുകൂലമായ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനുണ്ടെന്നുള്ളതും സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നികുതിയിളവുകളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നു.