മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നു. ബജറ്റിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. രാവിലെ ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടിരുന്നു. നിർമ്മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്.
ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ആയിരിക്കും കേന്ദ്ര ബജറ്റിന്റെ ഊന്നൽ എന്നാണു സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം.
ഇത്തവണയും നിർമല സീതാരാമൻ പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ടാബുമായാണ് അവർ പാർലമെൻ്റിൽ എത്തിയത്.
രാജ്യത്തുള്ള നികുതിദായകർ ഏറെ പ്രതീക്ഷയോടെ കാണുന്ന ബജറ്റാണിത്. കഴിഞ്ഞ ദിവസം ബജറ്റ് സമ്മേളനം ആരംഭിച്ചപ്പോൾ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇത് ഏറെ പ്രതീക്ഷകളുള്ള ബജറ്റ് ആണെന്ന് തന്നെയാണ് സൂചിപ്പിച്ചത്.
കേരളത്തിനും കേന്ദ്ര ബജറ്റ് സംബന്ധിച്ച് വളരെയേറെ പ്രതീക്ഷകൾ ഉണ്ട്. വിഴിഞ്ഞം തുറമുഖം, വയനാട് സഹായം, 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്നീ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ സംസ്ഥാനം ഉന്നയിച്ചിരുന്നു. ഇവയിൽ ഏതെങ്കിലും നടക്കുമോയെന്നാണ് ഇനി നോക്കിക്കാണേണ്ടത്. മധ്യ വർഗ്ഗത്തിന് അനുകൂലമായ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനുണ്ടെന്നുള്ളതും സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നികുതിയിളവുകളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നു.