India

എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും, 500 കോടി വകയിരുത്തിയെന്ന് ബജറ്റിൽ പ്രഖ്യാപനം

എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികള്‍ക്ക് അധിക ഫണ്ട് വകയിരുത്തി. അടുത്ത വര്‍ഷത്തേക്ക് ഐഐടി, ഐഐഎസ്‌സി ഗവേഷണത്തിനായി പതിനായിരം പിഎം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും. മെഡിക്കല്‍ വിദ്യാഭ്യാസ വ്യാപനത്തിനും പദ്ധതിയുണ്ട്. 10000 കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍ നിലവില്‍ വരും.

കേന്ദ്ര ബജറ്റില്‍ അങ്കണവാടികള്‍ക്കായി പ്രത്യേക പദ്ധതി. അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് പോഷകാഹാര പദ്ധതി. രാജ്യത്തെ 8 കോടി കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരത്തിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുക.

എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ് അനുവദിച്ചു. യുവ മനസുകളില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50000 അടല്‍ തിങ്കറിങ് ലാബുകള്‍ രാജ്യത്ത് സ്ഥാപിക്കും. നൈപുണ്യ വികസനത്തിനായി അഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് സ്ഥാപിക്കും. ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കും.

കാർഷിക മേഖലയെ മെച്ചപ്പെടുത്തുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. പിഎം ധൻധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും.