മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ ബോളിവുഡ് ഗായകനാണ് ഉദിത് നാരായണൻ. മുന്തിരിപാടം, ഒരു കിന്നരഗാനം, സുന്ദരി ഒന്ന് പറയൂ പ്രാണസഖി, ചിലമ്പൊലിക്കാറ്റേ തുടങ്ങിയ ഗാനങ്ങളെല്ലാം മലയാളികൾ നെഞ്ചോടേ ചേർത്തവയിൽ പെടും. നടൻ ദിലീപിന്റെ സിനിമകളിൽ ഉദിത് നാരായണൻ പാടിയ ഭൂരിഭാഗം പാട്ടുകളും ഹിറ്റാണ്. എന്നാൽ ഉദിത് നാരായണന് നേരെ വ്യാപക വിമർശനം ആണ് ഇപ്പോൾ ഉയരുന്നത്. ലൈവ് പ്രോഗ്രാമിനിടെ ഉദിത് നാരായൺ ആരാധികയുടെ ചുണ്ടുകളിൽ ചുംബിച്ചതാണ് വിമർശനത്തിന് കാരണം. വീഡിയോകൾ വൈറലായതിന് പിന്നാലെ ഗായകനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
വേദിയിൽ പാടിക്കൊണ്ടിരിക്കെ കാണികളിൽ നിന്നും ഒരു ആരാധിക ഫോട്ടോയെടുക്കാൻ മുന്നോട്ട് വന്നു. ഫോട്ടോയെടുക്കവെ ഇദ്ദേഹം ഈ യുവതിയെ ചുംബിച്ചു. പിന്നാലെ വന്ന മറ്റ് സ്ത്രീകളെയും ചുംബിച്ചു. ഒരു ആരാധിക ഉദിതിന്റെ ആദ്യം ചുംബിച്ചപ്പോൾ ഇദ്ദേഹം ഈ സ്ത്രീയുടെ ചുണ്ടിലാണ് ഉമ്മ വെച്ചത്. ഫോട്ടോയെടുക്കാൻ ചുറ്റും കൂടിയവർക്ക് തന്നെ ഇതെല്ലാം കണ്ട് അമ്പരപ്പായി.
ഫോട്ടോയ്ക്ക് വന്ന പുരുഷൻമാരെ ഉദിത് നാരായണൻ ഗൗനിക്കുന്നതേയില്ല. ഒരാൾ ഫോണിൽ സെൽഫിയെടുക്കവെ ഗായകൻ ഫോണിലേക്ക് നോക്കിയതേയില്ല. അടുത്തുള്ള ഒരു സ്ത്രീയെ ചുംബിക്കുകയായിരുന്നു അപ്പോൾ ഉദിത്. വ്യാപക വിമർശനമാണ് ഗായകനെതിരെ സോഷ്യൽ മീഡിയയിൽ വരുന്നു. സ്ത്രീകളോട് അപമര്യാദയായാണ് ഉദിത് നാരായണൻ പെരുമാറിയതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു. പൊതുവേദിയിൽ കുറച്ച് കൂടെ മാന്യമായി പെരുമാറേണ്ടതായിരുന്നു ഉദിതെന്ന് ഇവർ അഭിപ്രായപ്പെടുന്നു.
പ്രായത്തിന്റെ പക്വത കാണിക്കാമായിരുന്നു, ഇത്തരം പ്രവൃത്തികളിലൂടെ സ്വന്തം വില കളയരുത് എന്നെല്ലാം വിമർശനമുണ്ട്. അതേസമയം ഉദിത് നാരായണനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ആരാധകരോടുള്ള സ്നേഹം മാത്രമായിരിക്കാമത്, മറ്റാെരു തരത്തിൽ കാണേണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഇതേക്കുറിച്ച് നടക്കുന്നത്. നേരത്തെ വേദികളിൽ വെച്ച് ഗായികമാരെ ഉദിത് നാരായണൻ ഇത്തരത്തിൽ ചുംബിച്ചിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി.
ശ്രേയ ഘോഷൽ, അൽക്ക യഗ്നിക്ക് എന്നീ ഗായികമാരെ ഉദിത് ചുംബിക്കുന്ന പഴയ വീഡിയോകളും പ്രചരിക്കുന്നുണ്ട്. നാല് തവണ ദേശീയ പുരസ്കാരം നേടിയ ഗായകനാണ് ഉദിത് നാരായണൻ. 1988 ൽ ഖയാമത് സേ ഖയാമത് തക് എന്ന സിനിമയിലെ പാട്ടുകളാണ് ഉദിത് നാരായണന് കരിയറിൽ വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ പാപ കഹെതെ ഹെയിൻ, ആ മേരെ ഹംസഫർ, അകേലെ ഹെയിൻ തോ ക്യാ ഘം ഹെ എന്നീ ഗാനങ്ങൾ വൻ ഹിറ്റായി.
2019 ൽ തന്നെ ഫോണിൽ വിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തുന്നു എന്ന് ഉദിത് പരാതി ഉന്നയിച്ചിരുന്നു. അന്വേഷണത്തിൽ ഗായകൻ താമസിക്കുന്ന ബിൽഡിംഗിന്റെ സെക്യൂരിറ്റിയുടെ ഫോണിൽ നിന്നാണ് കോൾ. സെക്യൂരിറ്റിയുടെ ഫോൺ കളഞ്ഞ് പോയിരുന്നു. ഈ ഫോണിൽ നിന്നാണ് മറ്റാരോ കോൾ ചെയ്തത്.