KSRTCയുടെ തീരാ ശാപംപോലെയാണ് നവകേരളാ ബസിന്റെ ഇപ്പോഴത്തെ അവസ്ഥ. എത്ര ശരിയാക്കിയാലും ശരിയാകില്ല. എങ്ങനെയൊക്കെ സര്‍വ്വീസിനിറക്കിയാലും അമ്പേ പരാജയം മാത്രം. കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ മുമ്പിലൂടെ ആഢംബരം കാണിക്കാനായി മാത്രം വാങ്ങി ഓടിച്ച നവകേരളാ ബസിന്റെ ഗതി ഇപ്പോള്‍ അധോഗതിയാണ്. രണ്ടാമതും പണിതിറക്കിയ ബസ് കോഴിക്കോട് ബംഗളൂരു സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ബസില്‍ യാത്ര ചെയ്യുന്ന യാത്രക്കാരെല്ലാം കോഴിക്കോടു നിന്നും ബംഗളൂരുവരെ മൂക്കു പൊത്തിയാണ് യാത്ര ചെയ്യുന്നത്. അത്രയക്കും അസഹനീയമായ ദുര്‍ഗന്ധമാണ് ബസിനുള്ളില്‍.
ബസിലെ ടോയ്‌ലെറ്റിന്റെ വാതില്‍ പൊട്ടിയതാണ് ഇതിനു കാരണം. ബസിനു പുറകിലാണ് ടോയ്‌ലെറ്റ്. അതുകൊണ്ടു തന്നെ ഓട്ടത്തില്‍ ടോയ്‌ലെറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം ബസിനുള്ളില്‍ വേഗത്തില്‍ പരക്കും. വാതിലിന് പൊട്ടലുണ്ടായ കാര്യം ബസ് ഇറക്കിയ കമ്പനിയോ, ബസ് ഓടിക്കുന്ന കെ.എസ്.ആര്‍.ടി.സിയോ, ബസിന്റെ കൊട്ടും കുരവയുമായി ആനയിച്ച് ഇറക്കിയ മന്ത്രിയോ അറിഞ്ഞില്ലേ. എന്താണ് ഒന്നരക്കോടി രൂപ മുടക്കി ഇറക്കിയ ആധുനിക വണ്ടിക്ക് ഇങ്ങനെയുള്ള തകരാറുകള്‍ സംഭവിക്കുന്നത്. സ്വാഭാവികമായും കാലപ്പഴക്കം ചെന്ന ബസുകള്‍ക്കാണ് ഇത്തരം കുറവുകള്‍ സംഭവിക്കുന്നത്.
എന്നാല്‍, വിവാദങ്ങളിലും വാര്‍ത്തകളിലും ഇടംപിടിച്ച നവകേരളാ ബസിന്റെ കുഴപ്പങ്ങള്‍ കുറച്ചൊന്നുമല്ല പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. മൂന്നു ദിവസം മുമ്പാണ് കോഴിക്കോട് ഡിപ്പോയിലെ അധികൃതര്‍ ഇത് തിരിച്ചറിഞ്ഞ് ബംഗളൂരുവിലെ കമ്പനിയുമായി ബന്ധപ്പെട്ടത്. ഇതോടെ നവകേരളാ ബസിന്റെ സര്‍വ്വീസ് നിര്‍ത്തി വെച്ചു. ബംഗളൂരുവിലെ കമ്പനിയിലേക്ക് വണ്ടി കൊണ്ടുപോയി. രണ്ടു ദിവസത്തിനുള്ളില്‍ ബസ് വീണ്ടും സര്‍വ്വീസ് നടത്തുമെന്നാണ് ഡിപ്പോയില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍, KSRTCയുടെ ഏതെങ്കിലും ബസിനായിരുന്നു ഇങ്ങനെയൊരു കേടുപാട് സംഭവിച്ചിരുന്നതെങ്കില്‍ അത് വാര്‍ത്തയാകില്ലായിരുന്നു.
ഇത് നവകേരളാ ബസാണ്. അതായത്, ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയിലെ എല്ലാവരും ഒരുമിച്ച് വിനോദ സഞ്ചാരം നടത്തിയ ബസ്. നവകേരള സദസ്സ് നടത്താന്‍ വേണ്ടി മാത്രം കോടികള്‍ മുടക്കി വാങ്ങിയ ബസിന് എന്തു സംഭവിച്ചാലും അത് വാര്‍ത്തയാണ്. മാത്രമല്ല, അതിനെ കുറിച്ചുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അറിയുകയും വേണം. ഓട്ടോമാറ്റിക് ഡോര്‍ തകരാര്‍, ഡിക്കി തുറക്കുന്നതിലുള്ള ബുദ്ധിമുട്ട്, വാഷ്‌റൂമില്‍ നിന്നു ദുര്‍ഗന്ധം പുറത്തേക്ക് വമിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണമാണ് സര്‍വീസ് ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്.
കോഴിക്കോട് – ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം സര്‍വീസായാണ് നവകേരളാ ബസിന്റെ രൂപമാറ്റം. ബസ് കഴിഞ്ഞ അഞ്ചുദിവസമായി സര്‍വീസ് നടത്തുന്നുമില്ല. ബാംഗ്‌ളൂരിലെ ഭാരത് ബെന്‍സിന്റെ വര്‍ക്ക് ഷോപ്പിലാണ് നിലവില്‍ ബസുള്ളത്. 2023-ലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള യാത്രയ്ക്കുശേഷം ആഡംബര ബസ് ഏറെക്കാലം വെറുതെ കിടന്നിരുന്നു. 2024 മേയ് അഞ്ചുമുതല്‍ ബംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിച്ചു. എന്നാല്‍ യാത്രക്കാര്‍ കുറവായതിനാല്‍ സര്‍വീസ് നിര്‍ത്തിവച്ചു.
പിന്നീട് അടിമുടി സമഗ്രമായ അഴിച്ചുപണി നടത്തി ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ബംഗളൂരു സര്‍വീസ് വീണ്ടും തുടങ്ങി. 11 അധിക സീറ്റുകള്‍ ബസില്‍ പിടിപ്പിച്ചു. മൊത്തം സീറ്റുകളുടെ എണ്ണം 37 ആയി ഉയര്‍ത്തി. വാഷ് റൂം നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് ഒഴിവാക്കിയ ശേഷം അവിടെ വാതില്‍ ഘടിപ്പിച്ചു. പിന്‍ഭാഗത്തെ വാതിലും ഒഴിവാക്കി. 1. 05 കോടിയായിരുന്നു ബസിന്റെ യഥാര്‍ഥ വില. പിന്നിട് നിരവധി മോഡിഫിക്കേഷന്‍ ബസില്‍ നടത്തി. ഇതിനെല്ലാം പണം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്.
ബസിന് മൊത്തം ചെലവ് 2 കോടി രൂപയായിരുന്നു. KSRTCയുടെ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും, യാത്രക്കാരെ കയറ്റി ദീര്‍ഘദൂര സര്‍വ്വീസ് നടത്തി, വരുമാനം ഉയര്‍ത്താമെന്ന ചിന്ത ഉണ്ടായത് മന്ത്രി ഗണേഷ് കുമാറിനു മാത്രമാണ്. അതുകൊണ്ടാണ് ബസിലുണ്ടായിരുന്ന എക്‌സ്ട്രാ ഫിറ്റിംഗ്‌സുകള്‍ മാറ്റി സീറ്റിന്റെ എണ്ണം കൂട്ടിയത്. എന്നാല്‍, വിചാരിച്ച ഫലം കിട്ടുന്നില്ലെന്നു തന്നെയാണ് ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം. ഈ വണ്ടിയുടെ ഭാവി എന്താകുമെന്നും ജീവനക്കാര്‍ക്ക് നന്നായറിയാം. ഒരു രാശിയുമില്ലാത്ത ബസാണ് നവകേരളാ ബസ് എന്നാണ് KSRTCയിലെ പൊതുവേയുള്ള സംസാരവും.
content high lights; Navkerala bus as ‘filth case’: KSRTC punishes passengers for stinking; A luxury car worth one and a half crore rupees is again in the shed; A Bus Like a Curse (Special Story)