മലയാളികൾക്കിടയിൽ ചെറിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് ആസിഫ് അലി സിനിമകളിൽ വലിയ ബന്ധങ്ങൾ ഒന്നുമില്ലാതെ തന്നെ കടന്നുവന്ന് ഇന്നത്തെ ഈ നിലയിലേക്ക് ആസിഫ് അലി ഉയർന്നിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ അധ്വാനവും കഴിവും കൊണ്ട് മാത്രമാണ്. ചെറിയ സിനിമകൾ ചെയ്താണ് ആസിഫ് അലി സിനിമ രംഗത്തേക്ക് വരുന്നത്. ഇപ്പോഴിതാ റോഡപകടങ്ങൾ വല്ലാതെ വ്യാപിക്കുന്ന ഈ കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുകയാണ് താരം. നമ്മുടെ അശ്രദ്ധ കാരണം വേറൊരാൾക്ക് അപകടം ഉണ്ടാകരുതെന്നും റോഡിൽ വണ്ടിയോടിക്കുന്ന ഒരാൾ പെട്ടെന്ന് പയ്യെ പോകുമ്പോൾ അത് തന്ത വൈബ് അല്ലെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു. മാർക്കറ്റിൽ ലഭിക്കുന്ന കൂളിംഗ് ഫിലിം, അലോയ് വീൽ, മറ്റ് ആക്സസറീസ് എല്ലാം നിരോധിക്കാൻ എംവിഡി ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ റോഡ് സുരക്ഷ ബോധവൽക്കരണ മാരത്തണിൽ സംസാരിക്കവെയായിരുന്നു ആസിഫ് ആലിയുടെ പ്രതികരണം.
‘ഇവിടെ എല്ലാവരും സൂചിപ്പിച്ചത് ചെറുപ്പക്കാരുടെ ശ്രദ്ധക്കുറവാണ്. എന്റെ അനുഭവത്തിൽ നിന്ന് ഒരുകാര്യം പറയാം, പയ്യെ പോകുന്നത് തന്ത വൈബ് അല്ല. ഇപ്പോൾ അങ്ങനെയൊരു സംസാരം ഉണ്ട്. സ്പീഡിൽ വണ്ടിയോടിക്കുന്ന ആൾ പെട്ടെന്ന് പയ്യെ പോകുമ്പോൾ അത് തന്ത വൈബ് ആണെന്ന്. എന്നാൽ അത് നമ്മൾ കുറച്ചുകൂടെ ശ്രദ്ധിക്കുന്നതാണ്, കാര്യങ്ങൾ തിരിച്ചറിയുന്നതാണ്, ഉത്തരവാദിത്തത്തോടെ പൊരുമാറുന്നതാണ്. നമ്മൾക്ക് ഒരപകടം ഉണ്ടാവുന്നതിനേക്കാൾ നമ്മൾ കാരണം ഒന്നും അറിയാതെ റോഡിൽ കൂടെ നടന്നു പോകുന്ന ഒരാൾക്ക് അപകടം ഉണ്ടാകുന്നത് സഹിക്കാവുന്നതിന് അപ്പുറമാണ്. അതിനൊരു കാരണക്കാരൻ നമ്മൾ ആവാതിരിക്കണം. ആസിഫ് അലി പറഞ്ഞു.
ഈ അടുത്ത് ഞാൻ പള്ളിയിൽ ജുമാ നമസ്കാരത്തിന് ചെന്നപ്പോൾ അവിടെ പറഞ്ഞൊരു കാര്യം വല്ലാതെ എനിക്ക് മനസിൽ തട്ടി. നമ്മൾ രാവിലെ കുളിച്ച് മാറ്റി ഷർട്ടിന്റെ ബട്ടൺ ഇടുമ്പോൾ നമുക്കറിയില്ല, ഒരുപക്ഷേ, നമ്മുടെ മയ്യത്ത് കുളിപ്പിക്കാൻ വേണ്ടി മറ്റൊരാളാണോ ഈ ഷർട്ടിന്റെ ബട്ടൺ ഊരുകയെന്നത്. അത്രയും ചെറുതാണ് ജീവിതം. അങ്ങനെ ഒരു അവസരത്തിൽ നമ്മളെക്കൊണ്ട് പറ്റുന്ന കാര്യം ഉത്തരവാദിത്തത്തോടെ പൊരുമാറുക എന്നത് മാത്രമാണ്,’ ആസിഫ് അലി പറഞ്ഞു.
എംവിഡി ഉദ്യോഗസ്ഥരിൽ നിന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ചോദ്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ആസിഫ് മറുപടി പറയാൻ തുടങ്ങിയത്. ‘വണ്ടിയുടെ കൂൾ ഫിലിം, അലോയ് വീൽ, മറ്റ് ആക്സസറീസ്. ഇതെല്ലാം നിരോധിക്കാൻ നിങ്ങൾ ഗവൺമെന്റിനോട് പറയണം. ഞങ്ങൾ കാശ് കൊടുത്ത് ഇത് മേടിച്ച് ഒട്ടിക്കുകയും നിങ്ങൾ റോഡിൽ വച്ച് പബ്ലിക്കായി അത് ഊരിക്കളയുകയും ചെയ്യും. വിൽക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഇത് മേടിച്ച് ഉപയോഗിക്കുന്നത്. വിൽക്കുന്നില്ലെങ്കിൽ ഞങ്ങൾ ഒരിക്കലും മേടിക്കില്ല.
ചൂടുള്ളത് കൊണ്ടും പ്രൈവസി പ്രശ്നങ്ങളുള്ളത് കൊണ്ടും പല സമയത്തും ഞങ്ങൾക്ക് കൂളിംഗ് ഫിലിം ഒട്ടിക്കേണ്ടി വന്നേക്കാം. ഇത് ഞാൻ ഒരിക്കലും നിങ്ങളെ മോശമാക്കി പറയുന്നതല്ല. അവസരം കിട്ടുമ്പോൾ ഞങ്ങൾ ഉപയോഗിക്കാറുണ്ട്. അത് കീറിക്കളയുന്നതിനേക്കാൾ നല്ലത് വിൽക്കാൻ സമ്മതിക്കാതിരിക്കുന്നതാണ് നല്ലത്’- അസിഫ് അലി പറഞ്ഞു. ആസിഫ് ചോദ്യത്തിന് മറുപടി പറഞ്ഞതോടെ സദസ് ചിരിച്ചുകൊണ്ടാണ് ഏറ്റെടുത്തത്.