Kerala

ദേശീയ മുസ്‌കാന്‍ അംഗീകാരം മഞ്ചേരി മെഡിക്കല്‍ കോളേജിന്: കുഞ്ഞുങ്ങള്‍ക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ഒരുക്കിയതിനുള്ള അംഗീകാരം

മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് 93 ശതമാനം സ്‌കോറോടെ ദേശീയ മുസ്‌ക്കാന്‍ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തു. സംസ്ഥാനത്ത് ഇതോടെ 3 ആശുപത്രികള്‍ക്ക് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു കഴിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്., വയനാട് മാനന്തവാടി മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികള്‍ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ കഴിഞ്ഞ വര്‍ഷം നേടിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് വലിയ പരിശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. നേടിക്കഴിഞ്ഞു. കൂടാതെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ലക്ഷ്യ സ്റ്റാന്റേഡിലേക്ക് ഉയര്‍ത്തുന്നുണ്ട്.

12 ആശുപത്രികള്‍ക്കാണ് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ കാരണം. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു., 4 കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു., ഓക്സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളൊരുക്കി.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

CONTENT HIGH LIGHTS; National MUSCAN Recognition for Manjeri Medical College: Recognition for providing quality treatment and care to children