ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ കൈപ്പിടിയിൽ ഒതുക്കി വിദ്യാഭ്യാസ മേഖലയിൽ പുതിയ കാൽവെയ്പിനൊരുങ്ങി ചിന്മയ വിദ്യാലയ. കേരളത്തിൽ തന്നെ ആദ്യമായി സ്കൂളിലെ നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന മുഴുവൻ അധ്യാപകരും പരിപൂർണ്ണമായും ഡിജിറ്റൽ എ. ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അധ്യാപന രീതിയിലേക്ക് ചുവടുറപ്പിച്ചു കഴിഞ്ഞു. ഇതിനോടനുബന്ധിച്ച് കഴിഞ്ഞവർഷം ഓഗസ്റ്റ് മുതൽ ആരംഭിച്ച പരിശീലനത്തിന് ടെക്കോസ റോബോട്ടിക്സ് നേതൃത്വം വഹിച്ചു.
തിരുവനന്തപുരം ചിന്മയ മിഷന്റെ കീഴിലെ ആറ്റുകാൽ, കുന്നുംപുറം, നരുവാമൂട്, വഴുതക്കാട്, കാട്ടാക്കട, കൊല്ലം സ്കൂളുകളിലെ മുന്നൂറോളം അധ്യാപകർ പങ്കെടുത്ത പരിശീലനത്തിൽ ടീച്ചിങ് മെറ്റീരിയൽ തയ്യാറാക്കൽ, ഡോക്യുമെന്റ് തയ്യാറാക്കൽ,ക്ലൗഡ് സ്റ്റോറേജ്, പ്രസന്റേഷൻസ്, ചോദ്യപേപ്പർ, അസൈൻമെന്റ്, ക്വിസ്, ഗ്രേഡിങ് & ഫീഡ്ബാക്ക്, NEP 2020 അനുസൃതമായി STEM ഇന്റഗ്രേഷൻ, ബ്ലെൻഡഡ് ലേർണിംഗ് തുടങ്ങി വിവിധ പാഠ്യ ആവശ്യങ്ങൾക്കായുള്ള മുപ്പതോളം ഡിജിറ്റൽ എ ഐ ടൂൾസിലുള്ള പരിശീലനം നടന്നു.
ഡിസംബറിൽ പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ അധ്യാപകരുടെ സർട്ടിഫിക്കറ്റ് വിതരണം ഫെബ്രുവരി 1 ന് കുന്നുംപുറം ചിന്മയ വിദ്യാലയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങിൽ ചിന്മയ എഡ്യുക്കേഷണൽ കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് സേവക് ആർ.സുരേഷ് മോഹൻ മുഖ്യാതിഥി ആയിരുന്നു. വിദ്യാലയ ബോർഡ് ഓഫ് മാനേജ്മെന്റ് സെക്രട്ടറി പി. ശേഖരൻ കുട്ടി, അക്കാഡമിക് കോർഡിനേറ്റർ ശോഭാ റാണി.എസ്, ടെക്കോസ റോബോട്ടിക്സ് മാനേജിംഗ് ഡയറക്ടർ സാം. എസ്. ശിവൻ, അക്കാഡമിക് ഡയറക്ടർ അശ്വതി ബി രാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
CONTENT HIGH LIGHTS; Chinmaya Vidyalaya with a new foothold in the field of education according to the changing times