എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നവരും പെട്ടെന്ന് അസുഖങ്ങളും വരുന്നവരാണോ നിങ്ങൾ. തൊട്ടടുത്തു കൂടി പോകുന്ന ഒരാൾക്ക് പനിയോ ജലദോഷമോ ഉണ്ടെങ്കിൽ അതുടനടി നിങ്ങളെ ബാധിക്കാറുണ്ടോ?, എങ്കിൽ നിങ്ങൾക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും.
രോഗപ്രതിരോധ സംവിധാനം എന്നത് ദോഷകരമായ ബാക്ടീരിയകൾ, വൈറസുകൾ, മറ്റ് രോഗകാരികൾ എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കാനുള്ള ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ സൂചിപ്പിക്കുന്നു. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് ശക്തമായ പ്രതിരോധ സംവിധാനം വളരെ പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും പ്രതിരോധശേഷി കുറയാം.
രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ ആരോഗ്യകരമായ ഭക്ഷണക്രമം ഡയറ്റില്‍ ഉള്‍പ്പെടുത്തുക എന്നത് പ്രധാനമാണ്. ജീവിത ശൈലിയും മാറുന്ന കാലാവസ്ഥയുമെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷിയെ മാറ്റിമറിച്ചിട്ടുണ്ട്. ചില ഭക്ഷണസാധനങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധി വരെ ഒരു വിധം രോഗങ്ങളെയൊക്കെ അകറ്റി നിർത്താം. അവ എന്തൊക്കെയാണെന്ന് നോക്കാം.
1. മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അവശ്യ അമിനോ ആസിഡുകൾ, സിങ്ക്, വിറ്റാമിൻ സി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
2. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള കുരുമുളകും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. രണ്ടോ മൂന്നോ കുരുമുളക് വായിലിട്ട് ചവച്ചാൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും തീരും. ചുമയ്ക്കും ജലദോഷത്തിനും കുരുമുളക് വളരെ ഫലപ്രദമാണ്.
3. ശക്തമായ ആന്റിഓക്സിഡന്റും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നതുമായ മറ്റൊന്നാണ് നെല്ലിക്ക. ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായതിനാൽ, അണുബാധ മൂലം ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം, ഫ്രീ റാഡിക്കലുകൾ എന്നിവ നിയന്ത്രിക്കാൻ നെല്ലിക്കയ്ക്ക് കഴിയും.
4. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേർച്ച് ജ്യൂസ് അടിച്ച് കുടിച്ചാൽ രോഗപ്രതിരോധ ശേഷി ഉയർത്താൻ കഴിയും.
5. വെറും വയറ്റിൽ തുളസിയില ചവയ്ക്കുന്നതും ഇതുപോലെ ഉത്തമമാണ്.
ഇതിന് പുറമെ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പഴങ്ങളും പച്ചക്കറികളും, വിറ്റാമിന്‍ സി, ഡി അടങ്ങിയ ഭക്ഷണങ്ങളും, സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.