Kerala

കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം , ബജറ്റ് കത്തിച്ചു

കേന്ദ്ര ബജറ്റ് ജനങ്ങളോടുള്ള വഞ്ചനയെന്ന് ഡിവൈഎഫ്ഐ. കോഴിക്കോട് ന​ഗരത്തിൽ കേന്ദ്ര ബജറ്റ് കത്തിച്ച് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വയനാട് ദുരന്തബാധിതരെയും ബജറ്റിൽ പ്രതീക്ഷയോടെ കാത്തിരുന്ന ജനങ്ങളെയും കേന്ദ്ര സർക്കാർ വഞ്ചിച്ചെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ഫെഡറൽ ഘടനയെ അട്ടിമറിക്കുന്ന സംഘപരിവാർ ഗവൺമെന്റിന്റെ സാമ്പത്തിക നയത്തെ കേരളം വ്യക്തതയോടെ മനസ്സിലാക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടത് നമ്മുടെ നിലനിൽപിന്റെ കൂടി ആവശ്യമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റും അഭിപ്രായപ്പെട്ടു. പ്രസ്താവനയിലൂടെയാണ് ഡിവൈഎഫ്ഐ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ പാർലമെന്റിൽ വച്ച ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ടിലും കേരളത്തിന് അഭിനന്ദനമാണ് ലഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയടക്കം ഉൾപ്പെടുത്തി താഴേത്തട്ടിൽ കേരളം കൈവരിച്ച സുസ്ഥിര വികസന മുന്നേറ്റം ഇന്ത്യക്ക് മാതൃകയാണെന്ന് സാമ്പത്തിക സർവേയിൽ തെളിഞ്ഞു. അത്തരമൊരു സംസ്ഥാനത്തെ, കേന്ദ്ര ബജറ്റിൽ ധനമന്ത്രിയും പ്രധാനമന്ത്രിയും പരിഗണിക്കേണ്ടത് ഇങ്ങനെയാണോ എന്ന വലിയ ചേദ്യമാണ് മലയാളികൾക്കാകെ ഇന്നുണ്ടായിരിക്കുന്നത് എന്നും ഡിവൈഎഫ്ഐ പറയുന്നു.

ഇത് കേരളത്തോടുള്ള തരം താണത രാഷ്ട്രീയ വിവേചനമാണ്. ഓരോ മലയാളിയും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഈ വസ്തുത തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.