മൂന്നാമത് ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയറ്റർ ആർട്സ് (IFTS) സംഘടിപ്പിക്കാനൊരുങ്ങി തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ്. 2025 ഫെബ്രുവരി 3 മുതൽ 8 വരെ നടക്കുന്ന ഈ നാടക മാമാങ്കം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയായ പ്രൊഫ. (ഡോ.) ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മുതിർന്ന നാടകകലാകാരി നിലമ്പൂർ ആയിഷ വിശിഷ്ഠാതിഥിയും പ്രശസ്ത സിനിമ പ്രവർത്തകനും സ്കൂൾ ഓഫ് ഡ്രാമ പൂർവ്വ വിദ്യാർത്ഥിയുമായ ശ്യാമ പ്രസാദ് മുഖ്യാതിഥിയുമായി പരിപാടിയിൽ പങ്കെടുക്കും.
ലോകമെമ്പാടുമുള്ള നാടക സ്കൂളുകൾ, വിദ്യാർത്ഥികൾ, നാടകപ്രവർത്തകർ എന്നിവർക്ക് കലാപരവും അക്കാദമികവുമായ വിനിമയങ്ങളിൽ ഏർപ്പെടാനുള്ള സജീവമായ ഒരു വേദിയായിരിക്കും 2025ലെ മൂന്നാമത് IFTS. 18 നാടക പഠന സ്ഥാപനങ്ങൾ, 36 പ്രമുഖ പെഡഗോഗുകൾ, ലോകമെമ്പാടുമുള്ള 350- ൽ അധികം വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. ഈ വിപുലമായ അന്തർദ്ദേശീയ പരിപാടി കലാസാംസ്കാരിക സംവാദങ്ങളിൽ ഒരു ശ്രദ്ധേയമായ ഇടപെടലാണ്.
ഈ വർഷത്തെ IFTS “പെഡഗോജിയുടെ കാർണിവൽ: നാടകവും നൈതികതയും” (Carnival of Pedagogy: Theatre and Ethics) എന്ന പ്രമേയത്തിലൂടെ, നാടകത്തിലും അനുബന്ധ മേഖലകളിലും നൈതികതയുടെ നിലനിൽപ്പിലേക്കും പ്രസക്തിയിലേക്കും അന്വേഷണങ്ങൾ നടത്തുകയാണ്. സഹകാരിതയ്ക്കും പഠനത്തിനും ശക്തമായ ഊന്നൽ നൽകുന്ന ഈ നടകപഠനോത്സവത്തിൽ വൈവിധ്യമാർന്ന അവതരണങ്ങൾ, വർക്ക് ഷോപ്പുകൾ, ചർച്ചകൾ, കലാപ്രകടനങ്ങൾ, തുടർച്ചയായ വിദ്യാഭ്യാസ വിനിമയങ്ങൾ എന്നിവ ഉൾപ്പെടുന്നു.
നാടക വിദ്യാഭ്യാസത്തെ സമ്പന്നമാക്കുന്നതിനും ആഗോള സംവാദ വേദികൾ വളർത്തിയെടുക്കുന്നതിനും പ്രതിബദ്ധമായ IFTS നാടകപഠന മേഖലയിലെ ഒരു നാഴികക്കല്ലാണ്. ഈ പകിട്ടേറിയ പഠനോത്സവത്തിൻ്റെ ഭാഗമാകാൻ നാടക പ്രേമികളെയും വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരെയും കലാ പ്രവർത്തകരെയും സ്കൂൾ ഓഫ് ഡ്രാമ സ്വാഗതം ചെയ്യുന്നു.
content highlight: 3rd International Festival of Theatre Schools