ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നൽകി ഇന്നലെയാണ് എട്ട് എംഎൽഎ മാർ കൂട്ടമായി രാജിവെച്ചത്. സിറ്റിങ് എംഎൽഎമാരുടെ കൂട്ടരാജിയിൽ ആം ആദ്മി പാർട്ടിക്ക് ആശങ്ക വർധിക്കുന്ന സാഹചര്യത്തിൽ ഇവർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. അഴിമതി ആരോപണം ഉന്നയിച്ചാണ് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്ന എട്ട് ആംആദ്മി പാർട്ടി എംഎൽഎമാർ ഇന്നലെ രാജിവച്ചത്.
ഇത്തവണ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ 20 സിറ്റിങ് എംഎൽഎമാർക്ക് ആം ആദ്മി പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എട്ട് എംഎൽഎമാർ പാർട്ടി വിടാൻ തീരുമാനിച്ചത്. നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്‌പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ), ബിഎസ് ജൂൺ (ബിജ്വാസൻ) എന്നിവരാണ് രാജിവെച്ച് ബിജെപിയിൽ ചേർന്നത്.
അരവിന്ദ് കെജ്‌രിവാളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു, സത്യസന്ധമായ രാഷ്ട്രീയം എന്ന അടിസ്ഥാന മൂല്യത്തിൽ നിന്ന് ആം ആദ്മി വ്യതിചലിച്ചു, അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിന് പകരം പാർട്ടി അഴിമതിയുടെ ചതുപ്പിൽ തന്നെ കുടുങ്ങി എന്നെല്ലാമാണ് എംഎൽഎമാർ രാജിക്കത്തിൽ ആരോപിച്ചത്. തങ്ങളുടെ രാജി ജനങ്ങളുമായി കൂടിയാലോചിച്ച് ആണെന്നും ഇവർ വ്യക്തമാക്കിയിരുന്നു. അതേസമയം എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാർട്ടി മുന്നോട്ട് വെക്കുന്ന വാദം. സ്ഥാനമോഹികൾ ആണ് പാർട്ടി വിട്ടതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.