പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത കേസിൽ പ്രതി പിടിയിൽ. ഇടുക്കി കുടയത്തൂർ സ്വദേശിയായ 26 കാരനായ അനന്തു കൃഷ്ണനാണ് പിടിയിലായത്. പലയിടങ്ങളിൽ നിന്നായി 300 കോടിയാണ് പ്രതി തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരിൽ കൂടുതലും സ്ത്രീകളാണ്. വിവിധ പദ്ധതികളുടെ പേര് പറഞ്ഞായിരുന്നു സംസ്ഥാനത്ത് ഉടനീളം വ്യാപക തട്ടിപ്പ് നടത്തിയത്. കേസിലെ മുഖ്യ സൂത്രധാരനാണ് ഇപ്പോൾ പിടിയിലായ അനന്തു കൃഷ്ണൻ. ഇയാൾ 2019-ൽ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്ത ശേഷമാണ് പുതിയ തട്ടിപ്പ് നടത്തിയത്. 1200 സ്ത്രീകളാണ് സമാന സംഭവത്തിൽ ഇതിനകം പരാതിയുമായി പോലീസിനെ സമീപിച്ചത്.
വുമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. വാഹനത്തിന്റെ പകുതി തുക അടച്ചാൽ സ്ത്രീകൾക്ക് ടൂവീലറുകൾ പകുതി വിലക്ക് നൽകുമെന്നും ബാക്കി പണം കേന്ദ്രസർക്കാർ സഹായമായും വലിയ കമ്പനികളുടേതടക്കം സി.എസ്.ആർ ഫണ്ടായി ലഭിക്കുമെന്നുമാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. പണം അടച്ചാൽ 45 ദിവസത്തിനുള്ളിൽ വാഹനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ടൂവീലറുകൾക്ക് പുറമേ തയ്യൽ മെഷീൻ, ലാപ്ടോപ്പ് തുടങ്ങിയവയും നൽകുമെന്ന് പറഞ്ഞ് സമാനമായ രീതിയിൽ വൻ തട്ടിപ്പാണ് നടത്തിയത്. ഇവയുടെ വിതരണോത്ഘാടനത്തിനായി പല പ്രമുഖരേയും എത്തിച്ചും രാഷ്ട്രീയ നേതാക്കളെ പദ്ധതിയുടെ പിന്നണിക്കാരായി കാണിച്ചും വിശാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്. ചെയിൻ രീതിയിലാണ് വ്യാപക തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.