Crime

മാന്നാറിലെ വൃദ്ധദമ്പതികളുടെ കൊലപാതകം : മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ മാന്നാറിൽ വീടിനു തീയിട്ട് മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം, വീടിന് തീവയ്ക്കൽ ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് വിജയനെതിരെ ചുമത്തിയത്. ഇന്ന് പ്രാഥമിക തെളിവെടുപ്പ് നടത്തി. പ്രതിയെ നാളെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കും. വൃദ്ധ ദമ്പതികളുടെ മരണത്തിന് പിന്നാലെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊലപാതകം നടത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വിജയന്‍റെ പദ്ധതി. എന്നാൽ, ഇതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് മുതലാണ് വിജയൻ മാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയത്. മാതാപിതാക്കള്‍ക്ക് എന്ത് ചെയ്തുകൊടുത്താലും തൃപ്തിയില്ലായിരുന്നുവെന്നും എന്ത് ചെയ്താലും അവര്‍ക്ക് പ്രശ്നം ആയിരുന്നുവെന്നുമാണ് പ്രതി മൊഴി നൽകിയത്. ഇതോടെ മാതാപിതാക്കളെ ഇല്ലാതാക്കാൻ പ്രതി തീരുമാനിക്കുകയായിരുന്നു. വീടിന് തീയിടുന്നതിനായി പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നു എന്നും വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കിയിരുന്നു.

ഇന്ന് പുലർച്ചെയാണ് വീടിന് തീപിടിച്ച് ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവർ മരിച്ചത്. പൊള്ളലേറ്റായിരുന്നു ഇരുവരുടെയും മരണം. വിജയൻ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകൻ വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു.