നമ്മുടെ സൗരയൂഥത്തിൽ നിരവധി ഗ്രഹങ്ങൾ, കുള്ളൻ ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ തുടങ്ങിയവയുണ്ട്. എന്നാൽ ഭൂമി മാത്രമാണ് ജീവനുള്ളയിടം എന്നാണ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടുള്ളത്. അതേസമയം ബഹിരാകാശത്തെ മറ്റനേകം ഇടങ്ങളില്‍ ജീവനുണ്ടായേക്കാം എന്ന് ഗവേഷകര്‍ കരുതുന്നു. ജ്യോതിശാസ്ത്രജ്ഞർ ‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിന്‍റെ സാമ്പിളുകളിൽ നിന്നും ജീവന്‍റെ ‘അടിസ്ഥാന നിർമ്മാണ ബ്ലോക്കുകൾ’ കണ്ടെത്തി എന്നാണ് നാസയുടെ സ്ഥിരീകരണം. നാസയുടെ ഒസിരിസ്-റെക്സ് ദൗത്യമാണ് ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകള്‍ ഭൂമിയിലെത്തിച്ചത്. ഭൂമിയിലെ ജീവൻ ബഹിരാകാശത്ത് നിന്നും വന്നതാണോ എന്നതിനെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ സാമ്പിളുകളുടെ ഫലം.
ബെന്നു ഉൽക്കാശിലയിൽ നിന്ന് മടങ്ങിയ നാസയുടെ ഒസിരിസ്-റെക്സ് ബഹിരാകാശ പേടകത്തിൽ നിന്നുള്ള സാമ്പിളുകൾ ആ ഛിന്നഗ്രഹത്തിൽ ജീവന്‍റെ നിര്‍മിതിക്കാവശ്യമായ ഘടകങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. ഒസിരിസ്-റെക്സ് കൊണ്ടുവന്ന മണ്ണിന്‍റെയും പൊടിയുടെയും സാമ്പിളുകൾ ലോകത്തിന് വളരെ ഉപകാരപ്രദമാണെന്ന് നാസയുടെ സാമ്പിൾ റിട്ടേൺ മിഷൻ വെളിപ്പെടുത്തുന്നു. ഈ നാസ പേടകം 1650 അടി വീതിയുള്ള ഛിന്നഗ്രഹത്തിന്‍റെ സാമ്പിൾ എടുത്ത് ഭൂമിയിലേക്ക് അയച്ചു. ഈ സാമ്പിളിന്‍റെ ആദ്യ റിപ്പോർട്ട് പുറത്തുവന്നതായി കഴിഞ്ഞദിവസം നാസ അറിയിക്കുകയായിരുന്നു. ഡിഎൻഎയുടെയും ആർഎൻഎയുടെയും അഞ്ച് ന്യൂക്ലിയോബേസുകളും പ്രോട്ടീനുകളിൽ കാണപ്പെടുന്ന 20 അമിനോ ആസിഡുകളിൽ 14 എണ്ണവും ഇതിൽ അടങ്ങിയിരിക്കുന്നു. അപ്പോൾ ഭൂമിയിലെ എല്ലാ ജീവികളും അന്യഗ്രഹജീവികളാണോ? അവർ ഉൽക്കാശിലകളിൽ നിന്നാണോ വന്നത് എന്നാണ് കൗതുകമുണര്‍ത്തുന്ന പുതിയ ചോദ്യം.
നേച്ചർ അസ്ട്രോണമിയിൽ ബെന്നു ഛിന്നഗ്രഹത്തെ കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബെന്നു സാമ്പിളുകളില്‍ നിന്ന് ലഭിച്ച ഫലങ്ങൾ വളരെ ആശ്ചര്യകരമാണെന്ന് നാസയുടെ ജ്യോതിശാസ്ത്രജ്ഞൻ ഡാനിയൽ ഗെൽവിൻ പറഞ്ഞു. ഈ സാമ്പിൾ ജീവൻ നിലനിർത്തുന്ന അടിസ്ഥാന ഘടകങ്ങളെ സംരക്ഷിക്കുന്നു. ആദ്യകാല സൗരയൂഥത്തിൽ നിന്നുള്ള അവശിഷ്ടമായ ബെന്നു എന്ന ഛിന്നഗ്രഹം, അതിന്‍റെ പുരാതന ഘടനയും ജീവന്‍റെ നിർമ്മാണ ഘടകങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകാനുള്ള സാധ്യതയും കാരണം ശാസ്ത്രജ്ഞരെ വളരെക്കാലമായി ആകര്‍ഷിക്കുന്നയൊന്നാണ്.
159 വർഷത്തിനുള്ളിൽ, അതായത് 2182 സെപ്റ്റംബർ 24-ന് ബെന്നു ഉൽക്കാശില ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. അതിന്‍റെ കൂട്ടിയിടി 22 അണുബോംബുകളുടെ സ്ഫോടനത്തിന് തുല്യമായ നാശത്തിന് കാരണമാകും. ഭൂമിയിൽ നിന്ന് ദിനോസറുകളെ തുടച്ചുനീക്കിയ ഉൽക്കാശിലയേക്കാൾ 20 മടങ്ങ് വീതി കുറവാണ് ബെന്നുവിനുള്ളത്. എന്നാൽ കൂട്ടിയിടിച്ചാൽ നാശനഷ്ടം വലുതായിരിക്കും. അത് നിലത്ത് പതിച്ചാലും കടലിൽ വീണാലും നാശനഷ്‍ടം ഉറപ്പാണെന്നും ശാസ്ത്രലോകം പറയുന്നു. ഇതിന്‍റെ കൂട്ടിയിടിയിൽ രൂപപ്പെടുന്ന ഗർത്തത്തിന് ഏകദേശം 10 കിലോമീറ്റർ വീതിയുണ്ടാകും. കൂട്ടിയിടിക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള 1000 കിലോമീറ്ററോളം ഒന്നും അവശേഷിക്കില്ല. ബെന്നു കടലിൽ പതിച്ചാല്‍ സുനാമിത്തരകളുണ്ടാകുമെന്നും കണക്കാക്കുന്നു. ബെന്നു ഛിന്നഗ്രഹത്തിന്‍റെ മണ്ണിന്‍റെ സാമ്പിളുകൾ കൊണ്ടുവരാനാണ് നാസ ഒസിരിസ്-റെക്സ് ദൗത്യം അയച്ചത്. അത് എത്രത്തോളം ശക്തമായ ഉൽക്കാശിലയാണെന്ന് അറിയാനാണ് ശ്രമങ്ങൾ. ഈ ഉൽക്കാശിലയുടെ ഭൂമിയിലേക്കുള്ള ദിശ മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
STORY HIGHLIGHTS : asteroid-bennu-contain-the-chemical-building-blocks-of-life