Crime

ഇതരസംസ്ഥാനത്തൊഴിലാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ ഭര്‍ത്താവും ഭാര്യയും അറസ്റ്റില്‍

വയനാട് വെള്ളമുണ്ട വെള്ളിലാടിയിലെ അരുംകൊലയില്‍ ഭര്‍ത്താവും ഭാര്യയും അറസ്റ്റിലായി. ഉത്തര്‍പ്രദേശ് സഹറാന്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ എന്നിവരാണ് അറസ്റ്റിലായത്. ഇതരസംസ്ഥാനത്തൊഴിലാളിയായ മുഖീം അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. സഹറാന്‍പൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട മുഖീം അഹമ്മദ്. ഭാര്യയുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ഭാര്യയും കൂട്ടുനിന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് സൈനബയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

പുതുതായി വാങ്ങിയ കത്തികൊണ്ട് മൃതദേഹം അറുത്തുമാറ്റി ബാഗുകളിലാക്കുകയായിരുന്നു. മാലിന്യമെന്ന വ്യാജേനയാണ് ഓട്ടോറിക്ഷയില്‍ കയറ്റി
ശരീരഭാ​ഗങ്ങൾ ഇവർ ഉപേക്ഷിച്ചത്. കൊലപ്പെടുത്തിയ ശേഷം ക്വാര്‍ട്ടേഴ്സില്‍ രക്തം തുടച്ച് ശുചീകരിച്ചത് ആരിഫും സൈനബും ചേര്‍ന്നാണ് എന്നും പോലീസ് കണ്ടെത്തി.

ഇന്നലെ ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വെച്ച് മുഹമ്മദ് ആരീഫ് യുപി സ്വദേശി തന്നെയായ മുഖീബിനെ കൊലപ്പെടുത്തിയത്. ശരീരം രണ്ട് കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിന് ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹമാണ് എറിഞ്ഞതെന്നും പ്രതി തന്നെ ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞു. ഇയാളാണ് പൊലീസിന് വിവരം നല്‍കിയത്. താമസിച്ചിരുന്ന മുറിയില്‍ അന്വേഷിച്ചെത്തിയ പൊലീസ് മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിലെടുക്കുകയായികുന്നു. നാടിനെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രതി താമസിച്ചിരുന്ന വെള്ളമുണ്ടയിലെ പ്രദേശവാസികള്‍.