തെക്കേ അമേരിക്കൻ രാജ്യം ഇക്വഡോറിൽ പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിൽ മനുഷ്യക്കുരുതി കണ്ടെത്തി. ഒരു വനിതയെയാണു ക്രൂരമായി കൊലപ്പെടുത്തിയത്. 1200 വർഷങ്ങൾക്കു മുൻപാണ് ഇതു നടന്നതെന്നു ഗവേഷകർ പറയുന്നു. മറ്റൊരു വ്യക്തിയുടെ തലയും കത്തിക്കരിഞ്ഞ ശരീരവും ഈ കുഴിയിൽനിന്നു കണ്ടെത്തിയിരുന്നു. ഇതെല്ലാം കാരണമാണ് ഇത് ആദിമ മനുഷ്യർ നടത്തിയ കുരുതിയാണെന്നു സംശയിക്കാൻ കാരണം.
എഡി 650 മുതൽ 1532 വരെ ഇക്വഡോറിൽ നിലനിന്നിരുന്ന മാന്റെനോ കാലഘട്ടത്തിലേതാണു കുരുതി. കാർഷികവൃത്തിയിലും കടൽയാത്രകളിലും പങ്കെടുത്ത സമൂഹമാണ് മാന്റെനോ. ഇവരെ തൊട്ടടുത്തുള്ള ഇൻകാ വംശജർക്കും അറിയാമായിരുന്നു. ഭംഗിയേറിയ അനേകം കക്കത്തോടുകൾ ഉൾപ്പെടെയുള്ളവ കുരുതി നടന്ന കുഴിക്കുസമീപം വച്ചിരുന്നു. ഇവ അന്നത്തെ കാലത്തു വളരെയേറെ വിലപിടിപ്പുള്ള വസ്തുക്കളായിരുന്നെന്നു ഗവേഷകർ പറയുന്നു. എന്നാൽ പുരാവസ്തു ഗവേഷണത്തിനപ്പുറം പ്രാചീനകാലത്തെ പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധവും ഈ കണ്ടെത്തൽ നൽകുന്നു.
ആ സമയം മേഖലയിൽ കനത്ത എൽനിനോ പ്രതിഭാസം നടമാടിയ കാലമാണ്. ഇത് മേഖലയിലെ കാർഷിക മേഖലയെ ആകെ ബാധിച്ചിരിക്കാം. ഇതിനു പരിഹാരമെന്ന നിലയിലാകാം ഈ കുരുതി നടന്നതെന്നു ഗവേഷകർ കണക്കുകൂട്ടുന്നു. എന്നാൽ ഇത്തരം കാരണങ്ങളൊന്നും ഇതിനു പിന്നിലുണ്ടായിരിക്കില്ലെന്നു മറ്റു ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. സ്ത്രീകൾക്കു വലിയ പ്രാധാന്യമുള്ള സമൂഹമായിരുന്നു മാന്റെനോ. അതിനാൽ തന്നെ അധികാരം തട്ടിയെടുക്കാനായി മറ്റു സ്ത്രീകളാരെങ്കിലും കൊലപ്പെടുത്തിയതോ കൊല ചെയ്യിച്ചതോ ആകാം ഇതെന്നും അവർ പറയുന്നു.
STORY HIGHLIGHTS: What Early Humans Did to Cope With El Nino