ദിവസങ്ങള്‍ക്ക് മുമ്പ് സന്യാസം സ്വീകരിച്ച നടി മംമ്ത കുല്‍ക്കര്‍ണിയെ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കി. മംമ്ത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വറായി നിയമിച്ചത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. സന്യാസി സമൂഹത്തിന്റെ സമ്മതമില്ലാതെയാണ് മംമ്തയെ മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് ആചാര്യ മഹാമണ്ഡലേശ്വര് ലക്ഷ്മി നാരായണ്‍ ത്രിപാഠി നിയമിച്ചത് എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ലക്ഷ്മി നാരായണ്‍ ത്രിപാഠിയേയും കിന്നര്‍ അഖാഡയില്‍ നിന്ന് പുറത്താക്കിയതായി സ്ഥാപകന്‍ അജയ് ദാസ് പറഞ്ഞു.ത്രിപാഠിയെ അഖാഡയില്‍ നിന്ന് പുറത്താക്കുമെന്ന് അജയ് ദാസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
“കിന്നർ അഖാഡയുടെ സ്ഥാപകൻ എന്ന നിലയിൽ, ആചാര്യ മഹാമണ്ഡലേശ്വര് ലക്ഷ്മി നാരായൺ ത്രിപാഠിയെ ഞാൻ കിന്നർ അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വര് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നു, ഈ തരംതാഴ്ത്തല്‍ ഉടനടി പ്രാബല്യത്തിൽ വരും. മതപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്‍റെ ഉന്നമനം എന്നിവ ലക്ഷ്യമിട്ടാണ് ഇവരെ ആ സ്ഥാനത്ത് നിർമ്മിച്ചത്, എന്നാൽ തന്‍റെ കര്‍ത്തവ്യങ്ങളില്‍ നിന്നും അദ്ദേഹം വ്യതിചലിച്ചു” വാര്‍ത്ത കുറിപ്പില്‍ ഋഷി അജയ് ദാസ് പറയുന്നു.
മുമ്പ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും മംമ്ത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വരന്‍ എന്ന സ്ഥാനം നല്‍കി സന്യാസി സമൂഹത്തില്‍ ചേര്‍ത്തത് കിന്നര്‍ അഖാഡയുടെ തത്വങ്ങളെ ത്രിപാഠി അട്ടിമറിച്ചതായി അജയ് ദാസ് ആരോപിച്ചു. മംമ്ത കുല്‍ക്കര്‍ണി സന്യാസി പദം സ്വീകരിച്ചത് നിലനില്‍ക്കില്ലെന്ന് അജയ് ദാസ് വിശദീകരിച്ചു.