ഇടുക്കി: സുരക്ഷാ ജോലിക്കായി മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരള പൊലീസിനായി അനുവദിച്ച പുതിയ സ്പീഡ് ബോട്ട് പ്രവർത്തന രഹിതമായിട്ട് രണ്ടു മാസം. 39.5ലക്ഷം രൂപയ്ക്കായിരുന്നു ബോട്ട് നിർമ്മിച്ചത്. എന്നാൽ ഈ പണം പൊലീസ് ബോട്ട് നിർമ്മിച്ച കമ്പനിക്ക് നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ അറ്റകുറ്റപ്പണി നടത്താൻ കമ്പനി വിസമ്മതിച്ചതോടെയാണ് പുതിയ ബോട്ട് കട്ടപ്പുറത്തായത്.
തേക്കടിയിൽ നിന്നും മുല്ലപ്പെരിയാറിലെത്താൻ പൊലീസിന് രണ്ടു ബോട്ടുകളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് തകരാറിലായി. മറ്റൊന്നിൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഒമ്പതു പേർക്ക് മാത്രമാണ് സഞ്ചരിക്കാൻ അനുമതിയുള്ളത്. ഇത് കണക്കിലെടുത്ത് പുതിയ സ്പീഡ് ബോട്ട് വാങ്ങാൻ പൊലീസിന് സർക്കാർ അനുമതി നൽകുകയായിരുന്നു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്ണി ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും 39.5 ലക്ഷം രൂപയ്ക്ക് ബോട്ട് വാങ്ങി. 150 കുതിര ശക്തിയുള്ള 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് വാങ്ങിയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബോട്ട് തേക്കടിയിലെത്തിച്ചെങ്കിലും ലൈസൻസ് കാത്ത് ആറ് മാസം ബോട്ട് തേക്കടി തടാക തീരത്ത് കിടന്നു. ഇതിനിടെ, 2024 ഒക്ടോബര്‍ നാലിന് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്തു. പുതിയ ബോട്ടിൽ 25 മിനിറ്റു കൊണ്ട് തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്താൻ കഴിയുമായിരുന്നു. 20 മണിക്കൂര്‍ യാത്ര നടത്തി കഴിഞ്ഞാൽ ബോട്ട് സർവീസ് ചെയ്യണം. ഇതിനായി നവംബറിൽ കമ്പനി അധികൃതർക്ക് പൊലീസ് കത്ത് നൽകി. അപ്പോഴാണ് ബോട്ടിന്‍റെ തുക നല്കിയിട്ടില്ലെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ പോലും അറിയുന്നത്.
പണം നൽകിയതിന് ശേഷം മാത്രമേ ബോട്ടിന്‍റെ പണികൾ നടത്തുകയുള്ളുവെന്നും സ്വന്തം നിലയിൽ സർവീസ് നടത്തിയാൻ ഭാവിയിൽ തങ്ങൾക്ക് ഉത്തരാവാദിത്വം ഉണ്ടായിരിക്കില്ലെന്നും കാണിച്ച് പൊലീസ് മേധാവിയ്ക്ക് കമ്പനി അധികൃതര്‍ കത്തയച്ചിട്ടുണ്ട്. ഇതോടെ ബോട്ട് കരക്കടുപ്പിച്ചു. കത്തു കിട്ടി രണ്ടര മാസമാകുമ്പോഴും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. 140 പൊലീസുകാരാണ് മുല്ലപ്പെരിയാറിൽ ഡ്യൂട്ടിക്കുള്ളത്. കാര്യങ്ങൾ പൊലീസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്നും അവിടെ നിന്നാണ് തുടർ നടപടിതൾ പൂർത്തിയാക്കേണ്ടതെന്നും ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു.