Kerala

ദേവേന്ദുവിന്റെ കൊലപാതകം ഉദയകുമാർ മരിച്ച് പതിനാറാം നാള്‍; ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല; ഹരികുമാറിന്‍റെ അച്ഛന്‍ മരിച്ചതിലും ദുരൂഹത ? | suspicion arises over the death of the accused harikumar’s father

ഉദയകുമാർ മരിക്കുന്നതിന് മുന്‍പ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു

ബാലരാമപുരം: രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഹരികുമാറിന്‍റെ അച്ഛന്‍ മരിച്ചതിലും ദുരൂഹത ആരോപിച്ച് അയല്‍ക്കാര്‍. ഹരികുമാറിന്‍റെ അച്ഛന്‍ ഉദയകുമാർ മരിക്കുന്നതിന് മുന്‍പ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇദ്ദേഹം മരിച്ച് പതിനാറാം നാള്‍ മരണാന്തര ചടങ്ങുകള്‍ നടന്ന ദിവസമാണ് ദേവേന്ദു കൊല്ലപ്പെടുന്നത്.

കേസില്‍ അറസ്റ്റിലായ അമ്മാവന്‍ ഹരികുമാറും കുട്ടിയുടെ മാതാവ് ശ്രീതുവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരാണെന്നാണു പൊലീസ് പറയുന്നത്. ഇവരുടെ വാട്‌സാപ് ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണു പൊലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്. തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ വാട്‌സാപ്പില്‍ വിഡിയോ കോളുകള്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹരികുമാര്‍ പരസ്പര വിരുദ്ധമായ മൊഴികളാണു നല്‍കുന്നത്.

ശ്രീതുവിന്റെ സാമ്പത്തിക ബാധ്യത സംബന്ധിച്ചുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേവേന്ദുവിന്റെ അമ്മ ശ്രീതു മതപഠന ക്ലാസുകളില്‍ എത്തിയിരുന്നുവെന്ന് പൊലീസിനു വിവരം ലഭിച്ചു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായി ആയിരുന്നു കേസില്‍ അറസ്റ്റിലായ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ എന്നും വ്യക്തമായിട്ടുണ്ട്. ഈ പൂജാരിയെ ചോദ്യം ചെയ്യും. ഹരികുമാര്‍ മറ്റു ജോലികള്‍ക്കൊന്നും പോയിരുന്നില്ല. ശ്രീതുവിനും കുടുംബത്തിനും ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യത മാറ്റാന്‍ ആഭിചാരക്രിയകള്‍ ഉള്‍പ്പെടെ പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ദേവേന്ദു ജനിച്ചതിനു ശേഷമാണ് കുടുംബത്തിന് കടബാധ്യത വന്നതെന്ന് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

Latest News