Kerala

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നു; കേസന്വേഷണം നിലച്ച മട്ടിൽ; ആളിക്കത്തിയ സമാധി വിവാദം അണയുന്നു ? | neyyattinkara gopan swamy samadhi latest updates

തന്റെ അച്ഛൻ‌ ഗോപൻ സ്വാമി അല്ലെന്നും ദൈവമാണ് എന്നുമാണ് മകൻ രാജസേനൻ പറയുന്നത്

നെയ്യാറ്റിന്‍കര: സമാധിയിലായ നെയ്യാറ്റിന്‍ കര ഗോപന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നു. പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമാണെന്ന് വ്യക്തമായതോടെ ആന്തരിക അവയവ പരിശോധനാഫലം വന്നശേഷം തുടര്‍ നടപടി മതിയെന്ന തീരുമാനത്തിലാണ് പൊലീസ്. ഇത് വൈകുന്നതോടെ കേസന്വേഷണം നിലച്ച മട്ടാണ്. കേസും കൂട്ടവും ഒതുങ്ങിയതോടെ അച്ഛന്‍റെ സംസ്കാര സ്ഥലം തീര്‍ഥാടന കേന്ദ്രമാക്കാനുളള തയാറെടുപ്പിലാണ് മക്കള്‍.

അതേ സമയം സംസ്കാര സ്ഥലത്ത്പൂജാരിയായ മകന്‍റെ നേതൃത്വത്തില്‍ നിത്യവും പൂജയും പ്രാര്‍ഥനകളുമുണ്ട്. പൂജാരിയായ മകന്‍ രാജസേനനാണ് നേതൃത്വം നല്കുന്നത്. വൈകിട്ട് ആറുമണിയോടെ തുടങ്ങുന്ന പൂജകള്‍ രാത്രിയിലും തുടരും. തന്റെ അച്ഛൻ‌ ഗോപൻ സ്വാമി അല്ലെന്നും ദൈവമാണ് എന്നുമാണ് മകൻ രാജസേനൻ പറയുന്നത്. ദൈവത്തെ കാണാൻ ഒരുപാട് തീർ‌ത്ഥാടകർ എത്തുന്നുണ്ടെന്നും തന്റെ അച്ഛൻ ആരാണെന്ന് ലോകം അറിയണമെന്നും അതിനായി ഉടന്‍ ക്ഷേത്രം പണിയുമെന്നും മകന്‍ പറയുന്നു.

‘ഒരുപാട് തീർത്ഥാടകർ ഇവിടെ എത്തുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നുണ്ട്. ഭഗവാൻ എന്താണോ നിശ്ചയിക്കുന്നത് തീർച്ചയായും നടക്കുന്നതായിരിക്കും , ഭയങ്കര ശക്തിയുള്ള സ്ഥലമായി ഇത്, ഇനി ലിംഗ പ്രതിഷ്ഠയുണ്ട് ’ രാജസേനൻ പറയുന്നു.

അതേ സമയം സമാധി വിവാദങ്ങളിൽ അന്വേഷണം പുരോഗമിക്കവെ നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം. ഗോപൻ മരിച്ചതല്ല സമാധിയായതാണ് എന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. എന്നാൽ മരണത്തിലെ ദുരൂഹതയിൽ പൊലീസ് അന്വേഷണം തുടരുന്നതിനാൽ തത്കാലം മരണ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകര നഗരസഭ അറിയിച്ചു.

ഗോപൻ സമാധിയായെന്ന കുടുംബത്തിന്റെ അവകാശവാദം വലിയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. മരണത്തിലെ ദുരൂഹത ഉന്നയിച്ചുള്ള നാട്ടുകാരുടെ പരാതിയിൽ പൊലിസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുടുംബം മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.

Latest News