തിരുവനന്തപുരം: ബാലരാമപുരത്ത് ദേവേന്ദു എന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ ദുരൂഹതകള്‍ തുടരുമ്പോള്‍ അമ്മ ശ്രീതുവിനെതിരെ കൂടുതല്‍ പരാതി. ജോലി വാദ്ഗാദം ചെയ്ത് പണം തട്ടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പത്മനാഭപുരം കൊട്ടാരത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയെന്നായിരുന്നു അവകാശവാദം. യഥാര്‍ത്ഥത്തില്‍ ദേവസ്വം ബോര്‍ഡിന് നിയന്ത്രണത്തിലുള്ള കൊട്ടാരത്തിലെ താല്‍കാലിക ജീവനക്കാരി മാത്രമാണ് ശ്രീതു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തി. ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും.
ബാലരാമപുരത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള കോട്ടുകാലിലായിരുന്നു ശ്രീതുവിന്‍റെയും വീട്ടുകാരുടെയും ആദ്യ താമസം. ബാലരാമപുരത്തെ പാരലല്‍ കോളജുകളിലെ പ്യൂണായിരുന്നു അച്ഛന്‍. ശ്രീതു പഠിച്ചത് +2 വരെ മാത്രം. അതുകഴിഞ്ഞതോടെ ചെറിയ ജോലികള്‍ക്ക് പോയിത്തുടങ്ങി.
മൂന്ന് വര്‍ഷം മുന്‍പാണ് കുഞ്ഞിന്‍റെ കൊലപാതകം നടന്ന വീട്ടിലേക്ക് താമസം മാറുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബമായിരുന്നെങ്കിലും ശ്രീതു ആ രീതിയിലായിരുന്നില്ല നാട്ടുകാരോട് പറഞ്ഞിരുന്നത്. ഡബിള്‍ എം.എ ബിരുദമുള്ളയാളാണ് താനെന്നാണ് പലരോടും പറഞ്ഞത്. ഒരു ലക്ഷം രൂപ മാസശമ്പളമുള്ള ജോലിയുണ്ടെന്നും അവകാശപ്പെട്ടിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് ശ്രീതു സ്വന്തമായി ഒരു കാര്‍ വാങ്ങി. പിന്നീട് ജോലിക്ക് ഉള്‍പ്പടെ എല്ലായിടത്തേക്കുമുള്ള പോക്കും വരവും കാറിലായി. ഡ്രൈവറായി ഒരാളും കൂടെയുണ്ടായിരുന്നു. ജോലി കഴിഞ്ഞ് പലപ്പോഴും മടങ്ങിവരുന്നത് രാത്രിക്കായിരുന്നു. വീട്ടിലേക്ക് കാര്‍ കയറാന്‍ വഴിയില്ലാത്തതിനാല്‍ റോഡില്‍ നിര്‍ത്തി നടന്ന് വീട്ടിലേക്ക് വരും. സുഹൃത്തിന്‍റെ വീട്ടിലായിരുന്നു കാര്‍ ഇട്ടിരുന്നത്. രാത്രി വരുന്നത് കണ്ട് ചോദിച്ചവരോട് പറഞ്ഞിരുന്നത് ചിലപ്പോള്‍ നൈറ്റ് ഡ്യൂട്ടിയുണ്ടെന്നായിരുന്നു.
കാറിലുള്ള യാത്ര തുടരുന്നതിനിടെ ഒരു വര്‍ഷം മുന്‍പ് കാര്‍ കാണാതായി. ഇ.എം.ഐ അടയ്ക്കുന്നത് മുടങ്ങിയതോടെ പലിശക്കാര്‍ എടുത്തുകൊണ്ടുപോയെന്നാണ് നാട്ടുകാരുടെ സംസാരം. എന്നാല്‍ വിറ്റെന്നാണ് ശ്രീതു പറഞ്ഞിരുന്നത്.
ഉയര്‍ന്ന ജോലിയുടെ കാര്യം പറഞ്ഞ് ശ്രീതു പലരില്‍ നിന്നും പണം കടംവാങ്ങിയിരുന്നതായും ആക്ഷേപമുണ്ട്. കാശിന് പെട്ടന്ന് അത്യാവശ്യം വന്നു, ഉടന്‍ തിരിച്ചുതരാമെന്ന് പറഞ്ഞായിരുന്നു പലരില്‍ നിന്നും വാങ്ങിയിരുന്നത്. ഇപ്പോഴും പണം കിട്ടാത്ത പലരും കഴിഞ്ഞ ദിവസങ്ങളില്‍ കൊലപാതകം നനടന്ന വീട്ടിലടക്കം അന്വേഷിച്ചെത്തിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ശ്രീതുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ശ്രീതുവിനെ താമസിപ്പിച്ചിട്ടുള്ള ബാലരാമപുരത്തെ മഹിളാ മന്ദിരത്തില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ഇന്നലെ രാത്രി ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചും ചോദ്യം ചെയ്യല്‍ നടന്നിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീതുവിനോട് ചോദിച്ചറിയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീതുവില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.
കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.
കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.