World

അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണി, സൊമാലിയയിൽ നിരവധി ഐഎസ് ഭീകരരെ വധിച്ചെന്ന് ട്രംപ്

സൊമാലിയയിൽ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുതിർന്ന ഐഎസ് നേതാവ് ഉൾപ്പെടെയുള്ള ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഗുഹകളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവർ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണിയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇന്ന് രാവിലെ ഞാൻ സൊമാലിയയിൽ റിക്രൂട്ട്മെന്റുകൾ നടത്തുകയും ആക്രമണങ്ങൾക്ക് പദ്ധതിയിടുകയും ചെയ്തിരുന്ന മുതിർന്ന ഐഎസ് നേതാവ് ഉൾപ്പെടെയുള്ള ഭീകരരെ ലക്ഷ്യമിട്ട് കൃത്യമായ സൈനിക വ്യോമാക്രമണത്തിന് ഉത്തരവിട്ടു. ഗുഹകളിൽ ഒളിച്ചിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തിയ ഈ ഭീകര‍ർ അമേരിക്കയ്ക്കും ഞങ്ങളുടെ സഖ്യകക്ഷികൾക്കും ഭീഷണിയായിരുന്നു. വ്യോമാക്രമണങ്ങൾ അവർ താമസിക്കുന്ന ഗുഹകൾ നശിപ്പിക്കുകയും ഒരു തരത്തിലും സാധാരണക്കാർക്ക് ദോഷം വരുത്താതെ നിരവധി ഭീകരവാദികളെ കൊലപ്പെടുത്തുകയും ചെയ്തു’. ട്രംപ് പറഞ്ഞു.

അമേരിക്കൻ സൈന്യം വർഷങ്ങളായി ഐഎസിന്റെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഭീകരനെ തെരയുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ബൈഡനും അദ്ദേഹത്തിൻ്റെ കൂട്ടാളികളും ജോലി പൂർത്തിയാക്കാൻ വേണ്ടത്ര വേഗത്തിൽ പ്രവർത്തിച്ചില്ലെന്നും എന്നാൽ താൻ അത് ചെയ്തെന്നും ട്രംപ് വ്യക്തമാക്കി.