മധുരപ്രിയരായിരിക്കും നമ്മളെല്ലാവരും. മധുരപലഹാരങ്ങൾ എത്ര കഴിച്ചാലും മതി വരാത്തവർ അല്ലേ ? അത്തരക്കാരുടെ പ്രിയപ്പെട്ടവയുടെ ലിസ്റ്റിൽ ഹൽവയുണ്ടാവും. കടകളിൽ നിന്നും വാങ്ങുന്ന ഹൽവയിൽ മായം കലർന്നിട്ടുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇവ വാങ്ങി അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതുകൊണ്ട് തേനൂറുന്ന രുചിയിൽ യാതൊരു മായവും കലർത്താത്ത ഹൽവ റെസിപ്പി പരിചയപ്പെടുത്തട്ടേ ? തേങ്ങ ഹൽവ….
അവശ്യ ചേരുവകൾ
തേങ്ങാപ്പാൽ- 1 കപ്പ്
കോൺഫ്ലോർ- 2 സ്പൂൺ
വെള്ളം- 1/4 കപ്പ്
പഞ്ചസാര- 1 കപ്പ്
നെയ്യ്- 2 സ്പൂൺ
അണ്ടിപരിപ്പ്- 10
തയ്യാറാക്കുന്ന വിധം
കോൺഫ്ലോറിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിച്ച് യോജിപ്പിക്കാം. പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കി അൽപ്പം അണ്ടിപരിപ്പ് ചേർത്തു വറുക്കാം. തേങ്ങാപ്പാൽ കോൺഫ്ലോറിൽ ചേർത്തിളക്കിയത് ഇതിലേയ്ക്ക് ഒഴിക്കാം. വെള്ളം വറ്റി വരുമ്പോൾ ഒരു കപ്പ് പഞ്ചസാരയും അൽപ്പം നെയ്യും കൂടി ചേർത്തിളക്കുക. കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.