ഇഡ്ഡലിയെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ ? മലയാളികളുടെ അടുക്കളയിലെ സ്ഥിരം കക്ഷിയല്ലേ.. കേരള സ്റ്റൈൽ ഇഡ്ഡലി കഴിച്ച് മടുത്തോ ? എന്നാൽ ഗോവൻ സ്റ്റൈൽ പിടിച്ചാലോ ? ഗോവയിലും മാംഗളൂരിലെ ചില ഇടങ്ങളിലുമാണ് സാധാരണ ഈ വിഭവം കണ്ടുവരാറുള്ളത്. വായിൽ വച്ചാൽ അലിഞ്ഞു പോകും എന്നു തോന്നും വിധം സോഫ്റ്റാണ്.
ചേരുവകൾ
പച്ചരി- 2 കപ്പ്
പഞ്ചസാര- 3 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
ഉഴുന്നു പരിപ്പ്- 3/4 കപ്പ്
യീസ്റ്റ്- 1 ടീസ്പൂൺ
തേങ്ങാപ്പാൽ- 3/4 കപ്പ്
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും നാല് മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം അത് അരച്ചെടുക്കാം. അതിലേയ്ക്ക് മുക്കാൽ കപ്പ് തേങ്ങാപ്പാൽ ഒഴിക്കാം. ആവശ്യത്തിന് ഉപ്പും, രണ്ട് ടീസ്പൂൺ പഞ്ചസാരയും, ചേർത്തിളക്കി യോജിപ്പിക്കാം. ഒരു ടീസ്പൂൺ യീസ്റ്റ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി മാവിലേയ്ക്ക് ഒഴിച്ചു മാറ്റി വയ്ക്കാം. മൂന്ന് മണിക്കൂറിനു ശേഷം മാവ് ഇളക്കിയെടുക്കാം. ഇഡ്ഡലി തട്ടിലേയ്ക്ക് ഈ മാവ് പകർന്ന് ആവിയിൽ വേവിച്ചെടുക്കാം. ചൂടോടെ കഴിച്ചു നോക്കൂ.