ചിക്കനിൽ പരീക്ഷണം നടത്താൻ ഇഷ്ടപ്പെടുന്ന ഒരു കൂട്ടരുണ്ട്. ചിക്കൻ കയ്യിൽ കിട്ടിയാൽ പല തരത്തിലുള്ള പരീക്ഷണങ്ങളാകും അവിടെ നടക്കുക. എന്നാൽ അധികം ആരും കഴിച്ചിട്ടുണ്ടാകില്ല ഇനി പറയാൻ പോകുന്ന വിഭവം. വേവിച്ചെടുത്ത ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി വരട്ടിയെടുക്കുന്നതാണ് ഐറ്റം. ചിക്കൻ നുള്ളി പൊരിച്ചത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
ചേരുവകൾ
ചിക്കൻ- 1 കിലോ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
വെള്ളം- 1/2 കപ്പ്
സവാള- 2
വെളുത്തുള്ളി- 5 അല്ലി
ഇഞ്ചി- 2
പെരുംജീരകം- 1 ടീസ്പൂൺ
കുരുമുളകുപൊടി- 3 ടീസ്പൂൺ
ഗരംമസാല- 1 ടീസ്പൂൺ
കറിവേപ്പില- 2 തണ്ട്
ചിക്കൻ ബ്രോത്ത്- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കഷ്ണങ്ങൾ വൃത്തിയായി കഴുകിയെടുക്കാം. അതിലേയ്ക്ക് മഞ്ഞൾപ്പൊടി ചേർത്ത് അര കപ്പ് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കാം. ശേഷം വെള്ളം അരിച്ചു മാറ്റി ചിക്കൻ കഷ്ണങ്ങൾ ചൂടാറിയതിനു ശേഷം ചെറുതാക്കി നുള്ളിയെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അഞ്ച് ടേബിൾസ്പൂൺ എണ്ണ ഒഴിക്കാം. ഇതിലേയ്ക്ക് ചെറിയ രണ്ട് സവാള അരിഞ്ഞതു ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും, ഒരു ടീസ്പൂൺ പെരുംജീരകവും ചേർത്തിളക്കി യോജിപ്പിക്കാം. മൂന്ന് ടീസ്പൂൺ കുരുമുളകുപൊടിയും ഗരംമസാലയും ചേർക്കാം. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർക്കാം. ഇതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം. ഒപ്പം മാറ്റി വച്ച ചിക്കൻ വേവിച്ച വെള്ളം ഒഴിക്കാം. അടച്ചു വച്ച് തിളപ്പിച്ചെടുക്കാം. വെള്ളം വറ്റി നന്നായി വരട്ടിയെടുത്തതിനു ശേഷം അടുപ്പണയ്ക്കാം. ഇത് ചൂടോടെ ചപ്പാത്തി, ചോറ് എന്നിവക്കൊപ്പം കഴിക്കാം.